കളി തുടങ്ങും മുമ്പെ ചെന്നൈയെ ‘തോൽപിച്ചു’; കലിയടങ്ങാതെ സൂപ്പർ കിങ്സ് ആരാധകർ

അഹമ്മദാബാദ്: കനത്ത മഴ കാരണം ഐ.പി.എൽ ഫൈനൽ മത്സരം നടക്കാതെ ക്ഷമകെട്ട് ഗാലറിയിൽ നിൽക്കുകയായിരുന്ന ചെന്നൈ ആരാധകരെ ചൊടിപ്പിച്ച് ബിഗ് സ്ക്രീനിലെ വാചകം. ‘റണ്ണർ അപ് ചെന്നൈ സൂപ്പർ കിങ്സ്’ എന്നായിരുന്നു സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഗുജറാത്ത് ടൈറ്റന്‍സിനെ വിജയികളാക്കിയെന്ന് പലരും ധരിച്ചു. പലരും ഇതു​വെച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഒത്തുകളിയാണ് നടക്കുന്നതെന്ന ആരോപണവുമായും ചെന്നൈ ആരാധകർ രംഗത്തെത്തി. മഴ പെയ്ത് മത്സരം മുടങ്ങുകയാണൈങ്കിൽ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിനെ വിജയിയായി പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇങ്ങനെയൊരു പ്രചാരണം വന്നത്. ബിഗ് സ്‌ക്രീനിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി. എന്നാൽ, മഴയിൽ കുതിർന്നതിനാൽ സ്‌ക്രീൻ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ വന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടിലാണ് പോരാട്ടമെങ്കിലും കളി കാണാൻ കൂടുതൽ എത്തിയിരുന്നത് ചെന്നൈ സൂപ്പർ കിങ്സ് ആരാധകരായിരുന്നു.

അതേസമയം, കനത്തമഴയെ തുടര്‍ന്ന് മാറ്റിവെച്ച ചെന്നൈ സൂപ്പര്‍ കിങ്സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനൽ റിസർവ് ദിവസമായ ഇന്ന് നടക്കും. ഞായറാഴ്ച രാത്രി 11 മണി പിന്നിട്ടിട്ടും മഴ മാറാത്ത സാഹചര്യത്തിലാണ് മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റിയത്. ഐ.പി.എൽ ചരിത്രത്തിൽ ആദ്യമായാണ് ഫൈനല്‍ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റുന്നത്. രാത്രി 7.30ന് അഹമ്മദാബാദിലാണ് പോരാട്ടം. ഇന്നും അഹമ്മദാബാദിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനം ക്രിക്കറ്റ് ആരാധകരെ നിരാശരാക്കുന്നതാണ്. 

Tags:    
News Summary - Chennai was 'beaten' before the game started; Super Kings fans without hesitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.