ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനമുയർത്തി കളി താൽക്കാലികമായി അവസാനിപ്പിക്കുന്നതായി അഫ്ഗാൻ ഓപണിങ് ബാറ്റർ ഉസ്മാൻ ഖനി. ബംഗ്ലാദേശിനെതിരായ പരമ്പരയിലും അവസരം നൽകാതിരുന്നതിന് പിന്നാലെയാണ് താരം ക്രിക്കറ്റ് ബോർഡിനെതിരെ രംഗത്തെത്തിയത്.
അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്ത് അഴിമതിക്കാരാണെന്നും ഇവരുടെ നേതൃത്വം മാറുന്നത് വരെ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും താരം അറിയിച്ചു. മാനേജ്മെന്റ് മാറിയാൽ തിരിച്ചുവരുമെന്നും ഖനി ട്വീറ്റിൽ കുറിച്ചു. പലതവണ ബോർഡ് ചെയർമാനെ കാണാൻ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്നും ആരോപിച്ചു.
‘ഏറെ ആലോചിച്ച ശേഷമാണ് താൽക്കാലികമായി കളിയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. അഴിമതിക്കാരായ ക്രിക്കറ്റ് ബോർഡാണ് ഇതിന് നിർബന്ധിതനാക്കിയത്. കഠിനാധ്വാനം തുടരുകയും മികച്ച മാനേജ്മെന്റും സെലക്ഷൻ കമ്മിറ്റിയും വരുന്നത് വരെ കാത്തിരിക്കുകയും ചെയ്യും’, ഖനി ട്വിറ്ററിൽ കുറിച്ചു.
ഉസ്മാൻ ഖനി അഫ്ഗാനിസ്താന് വേണ്ടി 17 ഏകദിനങ്ങളിലും 35 ട്വന്റി 20കളിലും കളത്തിലിറങ്ങിയിട്ടുണ്ട്. മാർച്ച് 27ന് ഷാർജയിൽ പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയിലാണ് അവസാനമായി കളിച്ചത്. ഏകദിനത്തിൽ 2022 ജനുവരിയിൽ നെതർലാൻഡിനെതിരെയാണ് അവസാനം അവസരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.