കൊല്‍ക്കത്ത: സെമി സ്വപ്നം അവസാനിച്ച പാകിസ്താന് ഇംഗ്ലണ്ടിനെതിരെ 338 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. ബെന്‍ സ്റ്റോക്‌സ് തുടർച്ചയായ രണ്ടാം മത്സരത്തിലും ടീമിന്‍റെ ടോപ് സ്കോററായി. 76 പന്തിൽ 84 റൺസെടുത്താണ് താരം പുറത്തായത്.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തതോടെ തന്നെ പാകിസ്താന്‍റെ സെമി സ്വപ്നം അസ്തമിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത് 287 റണ്‍സിന്‍റെ വിജയം നേടിയിരുന്നെങ്കില്‍ പാകിസ്താന് സെമിയിലെത്താമായിരുന്നു. ഇംഗ്ലണ്ടിനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് മലാനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിചേര്‍ത്തു.
31 റണ്‍സെടുത്ത് മലാന്‍ പുറത്തായെങ്കിലും മറുവശത്ത് ബെയര്‍സ്റ്റോ അര്‍ധ സെഞ്ച്വറി നേടി. 61 പന്തിൽ 59 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെ വന്ന ജോ റൂട്ടും ബെന്‍ സ്‌റ്റോക്‌സും ക്രീസിൽ നിലയുറപ്പിച്ചതോടെ ടീം സ്കോർ 200 കടന്നു. മൂന്നാം വിക്കറ്റില്‍ 132 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. പിന്നാലെ സ്‌റ്റോക്‌സിനെ ഷഹീന്‍ അഫ്രീദി പുറത്താക്കി. 72 പന്തിൽ 60 റൺസെടുത്ത ജോ റൂട്ടും മടങ്ങി.
നായകന്‍ ജോസ് ബട്‌ലര്‍ (27), ഹാരി ബ്രൂക്ക് (30) എന്നിവര്‍ ചേര്‍ന്ന് ടീം സ്‌കോര്‍ 300 കടത്തി. മുഈൻ അലി (ആറു പന്തിൽ എട്ട്), ഡേവിഡ് വില്ലി (അഞ്ച് പന്തിൽ 15), ഗസ് അറ്റ്കിൻസൺ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നാലു റണ്ണുമായി ക്രിസ് വോക്സും റണ്ണൊന്നും എടുക്കാതെ ആദിൽ റാഷിദും പുറത്താകാതെ നിന്നു.
പാകിസ്താനുവേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും ഷഹീന്‍ അഫ്രീദി, മുഹമദ് വസിം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ഇഫ്ത്തിഖാർ അഹ്മദിനാണ് ഒരു വിക്കറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.