സെമി പോയിട്ട് ജയം പോലുമില്ല! ഇംഗ്ലണ്ടിനോട് 93 റൺസിന് തോറ്റ് പാകിസ്താൻ

കൊല്‍ക്കത്ത: ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനോട് 93 റൺസിന്‍റെ തോൽവി വഴങ്ങി പാകിസ്താൻ. മത്സരം ആരംഭിക്കുന്നതിനു മുമ്പേ സെമി സ്വപ്നം അവസാനിച്ച പാകിസ്താന്, ജയത്തോടെ ലോകകപ്പിൽനിന്ന് മടങ്ങാമെന്ന ആഗ്രഹവും ഇംഗ്ലീഷുകാർ തകർത്തു.

ചാമ്പ്യൻസ് ട്രോഫി യോഗ്യത ഉറപ്പാക്കിയതിന്‍റെ ആശ്വാസത്തിലാണ് ഇംഗ്ലണ്ട് മടങ്ങുന്നത്. ആറു പോയന്‍റുമായി ഏഴാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഫിനിഷ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. പാകിസ്താന്‍റെ മറുപടി ബാറ്റിങ് 43.3 ഓവറിൽ 244 റൺസിൽ അവസാനിച്ചു. അർധ സെഞ്ച്വറി നേടിയ ആഘ സൽമാനാണ് പാകിസ്താന്‍റെ ടോപ് സ്കോറർ. താരം 45 പന്തിൽ 51 റൺസെടുത്ത് പുറത്തായി. ഏറെക്കുറെ അസാധ്യമായ വമ്പൻ മാർജിനിൽ ജയിച്ചാൽ പാകിസ്താന് സെമിയിൽ കടക്കാമായിരുന്നു. എന്നാൽ, ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തതോടെ തന്നെ അവരുടെ സെമി സ്വപ്നം അസ്തമിച്ചു.

തകർച്ചയോടെയാണ് പാകിസ്താൻ ബാറ്റിങ് തുടങ്ങിയതു തന്നെ. ഓപ്പണർ അബ്ദുല്ല ഷഫീഖ് ആദ്യ ഓവറിലെ രണ്ടാമത്തെ പന്തിൽ റണ്ണൊന്നും എടുക്കാതെയും ഫഖർ സമാൻ മൂന്നാമത്തെ ഓവറിൽ ഒരു റണ്ണുമായും മടങ്ങി. നായകൻ ബാബർ അസം (45 പന്തിൽ 38), മുഹമ്മദ് റിസ്വാൻ (51 പന്തിൽ 36), സൗദ് ഷകീൽ (37 പന്തിൽ 29), ഇഫ്തിഖാർ അഹ്മദ് (അഞ്ച് പന്തിൽ മൂന്ന്), ശദബ് ഖാൻ (ഏഴു പന്തിൽ നാല്), ഷഹീൻ അഫ്രീദി (23 പന്തിൽ 25), ഹാരിസ് റൗഫ് (23 പന്തിൽ 35) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

മുഹമ്മദ് വസീം 16 റണ്ണുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നു വിക്കറ്റ് നേടി. ആദിൽ റാഷിദ്, ഗസ് അറ്റ്കിൻസൺ, മുഈൻ അലി എന്നിവർ രണ്ടു വിക്കറ്റ് വീതവും ക്രിസ് വോക്സ് ഒരു വിക്കറ്റും നേടി. ബെന്‍ സ്റ്റോക്‌സ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഫോം കണ്ടെത്തിയതോടെയാണ് ടീം സ്കോർ 300 കടന്നത്. 76 പന്തിൽ 84 റൺസെടുത്താണ് താരം പുറത്തായത് ഇംഗ്ലണ്ടിനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് മലാനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിചേര്‍ത്തു.

31 റണ്‍സെടുത്ത് മലാന്‍ പുറത്തായെങ്കിലും മറുവശത്ത് ബെയര്‍‌സ്റ്റോ അര്‍ധ സെഞ്ച്വറി നേടി. 61 പന്തിൽ 59 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെ വന്ന ജോ റൂട്ടും ബെന്‍ സ്‌റ്റോക്‌സും ക്രീസിൽ നിലയുറപ്പിച്ചതോടെ ടീം സ്കോർ 200 കടന്നു. മൂന്നാം വിക്കറ്റില്‍ 132 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.

പിന്നാലെ സ്‌റ്റോക്‌സിനെ ഷഹീന്‍ അഫ്രീദി പുറത്താക്കി. 72 പന്തിൽ 60 റൺസെടുത്ത ജോ റൂട്ടും മടങ്ങി.

നായകന്‍ ജോസ് ബട്‌ലര്‍ (27), ഹാരി ബ്രൂക്ക് (30) എന്നിവര്‍ ചേര്‍ന്ന് ടീം സ്‌കോര്‍ 300 കടത്തി. മുഈൻ അലി (ആറു പന്തിൽ എട്ട്), ഡേവിഡ് വില്ലി (അഞ്ച് പന്തിൽ 15), ഗസ് അറ്റ്കിൻസൺ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നാലു റണ്ണുമായി ക്രിസ് വോക്സും റണ്ണൊന്നും എടുക്കാതെ ആദിൽ റാഷിദും പുറത്താകാതെ നിന്നു.

പാകിസ്താനുവേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും ഷഹീന്‍ അഫ്രീദി, മുഹമദ് വസിം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ഇഫ്ത്തിഖാർ അഹ്മദിനാണ് ഒരു വിക്കറ്റ്.

Tags:    
News Summary - Cricket World Cup 2023: Pakisthan-England Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.