ന്യൂഡൽഹി: പരിക്ക് അലട്ടുന്ന ശ്രീലങ്കക്കും ദക്ഷിണാഫ്രിക്കക്കും ലോകകപ്പിൽ ഇന്ന് ആദ്യ മത്സരം. പേസ് ബൗളർമാരായ അനാറിക് നോർകിയയും സിസാൻഡ മഗലയും ദക്ഷിണാഫ്രിക്കൻ നിരയിൽ കളിക്കില്ല. ലങ്കയുടെ ലെഗ് സ്പിന്നർ വാനിന്ദു ഹസരംഗയും പേസർമാരായ ദുഷ്മന്ത ചമീരയും ലാഹിരു മധുശങ്കയും കളിക്കാൻ സാധ്യത കുറവാണ്.
ലോകകപ്പിൽ ആറു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയതിൽ നാലും ജയിച്ചത് ദക്ഷിണാഫ്രിക്കയാണ്. സമീപകാല ഫോമിന്റെ അടിസ്ഥാനത്തിലും ആഫ്രിക്കൻ സംഘത്തിനാണ് മുൻതൂക്കം. എന്നാൽ, സ്ലോ ബൗളർമാർക്ക് സഹായമാകുന്ന അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ പിച്ചിൽ ലങ്കയും മോശക്കാരാക്കില്ല.
അനാറിക് നോർകിയയുടെ അഭാവത്തിൽ കാഗിസോ റബാദയും യുവതാരം ജെറാൾഡ് ക്യൂറ്റ്സിയും ദക്ഷിണാഫ്രിക്കൻ പേസ് ബൗളിങ്ങിന് നേതൃത്വമേകും. ബാറ്റിങ്ങിൽ ഹെന്റിച്ച് ക്ലാസൻ ലങ്കക്ക് വൻ ഭീഷണിയാണ്. ക്യാപ്റ്റൻ തെംബ ബാവുമ, ഡേവിഡ് മില്ലർ, ക്വിന്റൺ ഡി കോക്ക് എന്നിവരും ബാറ്റിങ്ങിലെ കരുത്താണ്.
ലങ്കൻ സ്പിന്നർമാരായ മഹീഷ് തീക്ഷണയും ദുനിത് വെല്ലാലഗെയും ഫോമിലാണ്. ലാഹിരു കുമാരയും ദിൽഷൻ മധുശങ്കയും മതീഷ പതിരനയും പേസർമാരായുണ്ടാകും. ദിമുത് കരുണരത്നെ, കുശാൽ പെരേര, പതും നിസാങ്ക, സദീര സമരവിക്രമ എന്നിവരാണ് ബാറ്റിങ് കരുത്ത്.
പരിചയസമ്പന്നനായ വിക്കറ്റ് കീപ്പർ ബാറ്റർ കുശാൽ മെൻഡിസിന്റെ വമ്പനടികളും തുണയാകും. ക്യാപ്റ്റൻ ദാസുൻ ശാനകയുടെ മോശം ഫോമാണ് ടീമിനെ വലക്കുന്നത്. ഉച്ചക്ക് രണ്ടു മണിക്കാണ് മത്സരം. രാവിലെ ധർമശാലയിൽ നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.