കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ട്വന്‍റി 20 കളിലും കളത്തിലിറങ്ങിയ തിവാരി ഐ.പി.എല്ലിലൂടെ ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതനാണ്. 35കാരനായ താരം ബംഗാളിലെ ഹൗറ സ്വദേശിയാണ്. വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 104 റൺസാണ് ഇന്ത്യൻ ജഴ്സിയിൽ തിവാരിയുടെ ഉയർന്ന സ്കോർ.
2012ൽ ഐ.പി.എൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിർണായക സാന്നിധ്യമായിരുന്നു തിവാരി. ഡൽഹി ഡെയർഡെവിൾസ്, റൈസിങ് പുനെ ജയന്റ്സ്, കിങ്സ് ഇലവൻ പഞ്ചാബ് ടീമുകളുടെയും ജഴ്സി അണിഞ്ഞിട്ടുണ്ട്. 2015ൽ സിംബാബ്വെക്കെതിരെയാണ് അവസാനം ഇന്ത്യക്കായി കളത്തിലിറങ്ങിയത്.
കഴിഞ്ഞ വർഷം റമദാൻ ആശംസകൾ നേർന്നതിന് പിന്നാലെ തിവാരിക്ക് നേരെ സൈബർ ആക്രമണം അരങ്ങേറിയിരുന്നു. കർഷക സമരത്തെ പിന്തുണച്ച മനോജ് തിവാരി ക്രിക്കറ്റ് താരങ്ങളുടെ നിലപാടിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ബംഗാൾ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കേയാണ് തിവാരി തൃണമൂലിൽ ചേരുന്നത്. പുതിയ യാത്ര തുടങ്ങുകയാണെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും താരം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.