അഞ്ചു ദിനങ്ങളിലെ വേൾഡ് ക്ലാസ് ടെസ്റ്റ് ക്രിക്കറ്റ്, ഒടുവിൽ ആസ്ട്രേലിയക്ക് രണ്ടു വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം. രണ്ടാം ഇന്നിങ്സിൽ 281 റൺസ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 92.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്.
ജയപരാജയങ്ങൾ മാറിമറിഞ്ഞ് ആവേശം നിറഞ്ഞ അഞ്ചാംദിനത്തിൽ നാടകീയമായിരുന്നു ഓസീസ് ജയം. ഒമ്പതാം വിക്കറ്റിൽ നായകൻ പാറ്റ് കമ്മിൻസും (73 പന്തിൽ 44*) നഥാൻ ലിയോണും (28 പന്തിൽ 16*) നേടിയ 55 റൺസ് കൂട്ടുകെട്ടാണ് ഓസീസിനെ ലക്ഷ്യത്തിലെത്തിച്ചത്. വിജയ റൺ നേടിയ ശേഷമുള്ള പാറ്റ് കമ്മിൻസിന്‍റെ ആഘോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ഹെൽമറ്റും ബാറ്റും ഗ്രൗണ്ടിൽ വലിച്ചെറിഞ്ഞശേഷം നേരെ സഹ ബാറ്റർ ലിയോണിന്‍റെ അടുത്തേക്കാണ് ആവേശത്തോടെ കമ്മിൻസ് ഓടിയെത്തിയത്. പിന്നാലെ താരത്തെ എടുത്തുയർത്തി ആഘോഷം പങ്കിടുമ്പോൾ ഡ്രസിങ് റൂമിൽ സഹതാരങ്ങളും ആഹ്ലാദത്തിന്‍റെ ഉന്നതിയിലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ വിജയകരമായ റൺ ചേസുകളിൽ 9, 10, 11 പൊസിഷനുകളിൽ ഒരു ബാറ്ററുടെ ഏറ്റവും ഉയർന്ന സ്കോറാണ് കളിയിൽ കമ്മിൻസ് നേടിയത്.
വിജയകരമായ റൺചേസുകളിൽ ഏറ്റവും ഉയർന്ന നാലാമത്തെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് കമ്മിൻസും ലയണും ചേർന്നു നേടിയ 55 റൺസ്. 2010ൽ മൊഹാലിയിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യൻ താരങ്ങളായ വി.വി.എസ്. ലക്ഷ്മണും ഇഷാന്ത് ശർമയും ചേർന്നു നേടിയ 81 റൺസാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.