ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്‍റി20 ലോകകപ്പിൽ നിരാശാജനകമായ പ്രകടനം തുടരുന്നതിനിടെ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം തുടരുകയാണ്. എന്നാൽ തോൽവിയുടെ നിരാശയിൽ കോഹ്ലിയെയും കുടുംബത്തെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനെ വിമർശിച്ച് മുൻ പാകിസ്താൻ നായകൻ ഇൻസമാമുൽ ഹഖ് രംഗത്തെത്തി.
ഇന്ത്യൻ ടീമിന്‍റെ പ്രകടനത്തെയും ടീം സെലക്ഷനെയും വിമർശിക്കാൻ എല്ലാവർക്കും അധികാരമുണ്ട്, എന്നാൽ അത് അതലിരുവിടരുതെന്നാണ് ഇൻസി പറയുന്നത്. കോഹ്‌ലിയുടെ മകളെ വരെ ഭീഷണിപ്പെടുത്തുന്ന സംഭവം അങ്ങേയറ്റം വേദനിപ്പിക്കുന്നതായി ഇൻസമാം പറഞ്ഞു.
'വിരാട് കോഹ്‌ലിയുടെ മകൾക്ക് ഭീഷണിയുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇത് ഒരു കായിക വിനോദം മാത്രമാണെന്ന് ആളുകൾ മനസ്സിലാക്കേണ്ടതുണ്ട്. വ്യത്യസ്ത രാജ്യങ്ങൾക്ക് വേണ്ടി കളിക്കുന്നുണ്ടാകാം എന്നാൽ ഞങ്ങൾ ഒരേ സമൂഹത്തിന്‍റെ ഭാഗമാണ്. കോഹ്‌ലിയുടെ ബാറ്റിങ്ങിനെയോ ക്യാപ്റ്റൻസിയെയോ വിമർശിക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്, എന്നാൽ ഒരു ക്രിക്കറ്റ് താരത്തിന്‍റെ കുടുംബത്തെ ലക്ഷ്യം വെക്കാൻ ആർക്കും അവകാശമില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുഹമ്മദ് ഷമിയുടെ കാര്യത്തിലും ഇത്തരം കാര്യങ്ങൾ അരങ്ങേറി. ജയവും തോൽവിയും കളിയുടെ ഭാഗമാണ്. കോഹ്‌ലിയുടെ കുടുംബത്തെ ആളുകൾ ആക്രമിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നി' -ഇൻസമാം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ന്യൂസിലൻഡിനെതിരായ മത്സരത്തിൽ സമ്മർദത്തിനടിമപ്പെട്ട ഇന്ത്യൻ താരങ്ങൾ സ്ട്രൈക്ക് കൈമാറാൻ വരെ പാടുപെടുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടുവെന്ന് മുൻ താരം പറഞ്ഞു.
ഇന്ത്യൻ ടീമിന്‍റെ തോൽവിക്ക് പുറമെ സഹതാരം മുഹമ്മദ് ഷമിയെ കോഹ്ലി പിന്തുണച്ചതും സൈബർ ലോകത്തെ ചിലരെ ചൊടിപ്പിച്ചിരുന്നു. ഇവരാണ് കോഹ്ലി-അനുഷ്ക ദമ്പതികളുടെ മകൾ വാമികക്ക് നേരെ ബലാത്സംഗ ഭീഷണി വരെ ഉയർത്തുന്നത്.
ഞായറാഴ്ച നടന്ന മത്സരത്തിൽ 20 ഓവറിൽ ഇന്ത്യക്ക് 110 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. മധ്യനിരയിൽ രവീന്ദ്ര ജദേജയും (26 നോട്ടൗട്ട്) ഹർദിക് പാണ്ഡ്യയുമാണ് (23) സ്കോർ 100 കടത്തിയത്. എന്നാൽ 14.3 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് ലക്ഷ്യം നേടി. ഡാറിൽ മിച്ചലും (49) നായകൻ കെയ്ൻ വില്യംസണുമാണ് (33) കിവീസിന് അനായാസ ജയമൊരുക്കിയത്. ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.