പയ്യെ തിന്നാൽ കപ്പും തിന്നാം എന്ന് വിശ്വസിക്കുന്നവരാണ് ഡൽഹി കാപിറ്റൽസ്. ആദ്യ രണ്ടു സീസണുകളിൽ സെമിഫൈനലിസ്റ്റായതൊഴിച്ചാൽ നിരാശയായിരുന്നു ഡൽഹി.
കൂടുതൽ തവണയും അവസാന സ്ഥാനക്കാരിൽ ഒരാളായി മടക്കം. എന്നാൽ, 12 സീസണുകൾ പിന്നിട്ട നിരാശകൾക്കൊടുവിൽ കഴിഞ്ഞ വർഷം അവർ കപ്പിനരികിലെത്തി. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി ഫൈനലിലെത്തിയവർ കരുത്തരായ മുംബൈയുടെ വിജയക്കുതിപ്പിനു മുന്നിൽ തകർന്നാണ് കപ്പില്ലാതെ മടങ്ങിയത്.
താരലേലത്തിലും കളിക്കാരെ നിലനിർത്തുന്നതിലും കരുതിക്കളിച്ച ടീമിന് അവസാന നാളിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യറെ നഷ്ടമായതാണ് പ്രധാന തിരിച്ചടി.
2019ൽ ഗംഭീറിന് പിൻഗാമിയായി നായകനായ ശ്രേയസ് ആദ്യ േപ്ല ഓഫിലും 2020ൽ ഫൈനലിലും എത്തിച്ച് മികച്ച ക്യാപ്റ്റനെന്ന് തെളിയിച്ചു. മൂന്നാം സീസണിനുള്ള ഒരുക്കത്തിനിടെയാണ് തോളിനു പരിക്കേറ്റ താരം പുറത്താവുന്നത്. ഋഷഭ് പന്താവും ഇക്കുറി ടീമിനെ നയിക്കുന്നത്.
ഇന്ത്യൻ ടീമിനെ പേരുമാറ്റിയാണോ ഡൽഹി കളത്തിലിറങ്ങുന്നതെന്ന് സംശയിച്ചുപോവും. ആർ. അശ്വിൻ, അജിൻക്യ രഹാനെ, ശിഖർ ധവാൻ, പൃഥ്വി ഷാ, ഋഷഭ് പന്ത്, അക്സർ പട്ടേൽ, ഇശാന്ത് ശർമ, അമിത് മിശ്ര, ഉമേഷ് യാദവ് എന്നീ സീനിയർ താരങ്ങൾ ഒരു ടീമിൽ അണിനിരക്കുന്നു. കോഹ്ലിയും രോഹിതും ഉൾപ്പെടെ ഏതാനും താരങ്ങളുടെ കുറവേയുള്ളൂ ഡൽഹിയെ ഇന്ത്യയായി പ്രഖ്യാപിക്കാൻ.
വിദേശ താരങ്ങളുടെ സെക്ഷനും ഗംഭീരം. കഗിസോ റബാദ, സാം ബില്ലിങ്സ്, സ്റ്റീവൻ സ്മിത്ത്, മാർകസ് സ്റ്റോയിണിസ്, ഷിംറോൺ ഹെറ്റ്മയർ, ക്രിസ് വോക്സ്, ആൻറിച് നോർയെ, ടോം കറൻ, ഡാനിയേൽ സാംസ് എന്നിവർ.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മിന്നുംപ്രകടനം നടത്തിയ ധവാൻ-പന്ത് കൂട്ടുകെട്ട് അതേ ഫോമോടെയാണ് ഐ.പി.എല്ലിലെത്തുന്നത്. കഴിഞ്ഞ നാലു മാസമായി ആസ്ട്രേലിയയിലും ഇന്ത്യയിലും മാച്ച്വിന്നറായി മാറിയ പന്ത് നായകവേഷത്തിൽ കൂടിയെത്തുന്നതോടെ ഡൽഹി കരുത്തുറ്റ നിരയാവും.
യുവതാരം പൃഥ്വി ഷാ, കഴിഞ്ഞ സീസണിൽ ഉജ്ജ്വല പ്രകടനം നടത്തിയ ഹെറ്റ്െമയർ, സ്റ്റോയിണിസ്, പുതുതാരങ്ങളായി വരുന്ന സ്റ്റീവ് സ്മിത്ത്, സാം ബില്ലിങ്സ്... പത്തരമാറ്റ് തിളക്കവുമായാണ് ഡൽഹി പാഡുകെട്ടുന്നത്. സ്പിൻ-പേസ് ബൗളിങ് നിരയും ശക്തമാണ്.
പരിക്കേറ്റു പുറത്തായ ശ്രേയസ് അയ്യറുടെ അസാന്നിധ്യം മധ്യനിര ബാറ്റിങ്ങിനെ ക്ഷീണിപ്പിക്കുമോയെന്നു മാത്രമാണ് ഡൽഹിയുടെ ആശങ്ക. എട്ടു മികച്ച വിദേശ താരങ്ങളിൽനിന്ന് െപ്ലയിങ് ഇലവനിലേക്ക് നാലുപേരെ നിർണയിക്കുകയെന്നതും കോച്ച് റിക്കി പോണ്ടിങ്ങിനു ഹിമാലയൻ ടാസ്ക് ആവും.
കോച്ച്: റിക്കി പോണ്ടിങ്
ക്യാപ്റ്റൻ: ഋഷഭ് പന്ത്
ബെസ്റ്റ്: റണ്ണേഴ്സ് കപ്പ് (2020)
ബാറ്റിങ്: ശിഖർ ധവാൻ, അജിൻക്യ രഹാനെ, സ്റ്റീവ് സ്മിത്ത്, റിപാൽ പട്ടേൽ, ഷിംറോൺ ഹെറ്റ്മയർ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ (പരിക്കു കാരണംപുറത്ത്)
ഓൾറൗണ്ടർ: ക്രിസ് വോക്സ്, മാർകസ് സ്റ്റോയിണിസ്, അക്സർ പട്ടേൽ, ടോം കറൻ, ലളിത് യാദവ്.
വിക്കറ്റ് കീപ്പേഴ്സ്: സാം ബില്ലിങ്സ്, വിഷ്ണു വിനോദ്, ഋഷഭ് പന്ത്
സ്പിൻ: ആർ. അശ്വിൻ, അമിത് മിശ്ര, പ്രവീൺ ദുബെ, മണിമരൻ സിദ്ധാർഥ്.
പേസ്: ഉമേഷ് യാദവ്, ഇശാന്ത് ശർമ, ലുക്മാൻ മെറിവാല, ആൻറിച് നോർയെ, കഗിസോ റബാദ, ആവേഷ് ഖാൻ.
റൺസ്:
ശിഖർ ധവാൻ -618
വിക്കറ്റ്:
കഗിസോ റബാദ -30
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.