ചെന്നൈ: സമീപനാളുകളിലെ തകർപ്പൻ ഫോമുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുന്തൂണായി മാറിയ ഓപണർ ശുഭ്മൻ ഗില്ലിന് ഡെങ്കിപ്പനിയെന്ന് സംശയം. ക്രിക്കറ്റ് ലോകകപ്പിൽ ആസ്ട്രേലിയക്കെതിരായ ആദ്യ അങ്കത്തിനു പുറമെ മറ്റു കളികളും താരത്തിന് നഷ്ടമാകുമെന്നുറപ്പായി. ഇതോടെ, ഗില്ലിനു പകരം ഇശാൻ കിഷനാകും ഇന്ത്യൻ ബാറ്റിങ് ഓപൺ ചെയ്യാനുണ്ടാകുക. രോഗം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സ്ഥിരീകരിച്ചിട്ടില്ല. ‘‘മെഡിക്കൽ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്.
അതിവേഗം രോഗം ഭേദമാകുമെന്നാണ് പ്രതീക്ഷ’’ -ബി.സി.സി.ഐ വാർത്തക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്ച മാത്രമേ അന്തിമ തീരുമാനമെടുക്കുവെന്ന് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു. നാളെ ചെന്നെയിൽ ആസ്ട്രേലിയക്കെതിരെയാണ് ആതിഥേയരുടെ ആദ്യ മത്സരം.
ചെന്നൈയിൽ വിമാനമിറങ്ങിയ ഉടൻ കടുത്ത പനിയെ തുടർന്ന് കിടപ്പിലായ താരത്തിന് വെള്ളിയാഴ്ച കൂടുതൽ പരിശോധനകൾ നടത്തിയിരുന്നു. ഡെങ്കി സ്ഥിരീകരിച്ചാൽ ഒരാഴ്ചയിലേറെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. ഇതോടെ കങ്കാരുക്കൾക്കെതിരായ കളിക്കു പുറമെ അഫ്ഗാനിസ്താൻ, പാകിസ്താൻ ടീമുകൾക്കെതിരെയും താരം ഇറങ്ങിയേക്കില്ല.
ഈ സീസണിൽ 1200 റൺ പൂർത്തിയാക്കിയ താരം ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം വിജയകരമായ ഓപണിങ് കൂട്ടുകെട്ടാണ്. താരത്തിന്റെ അഭാവം നീണ്ടുനിന്നാൽ ടീമിനത് തിരിച്ചടിയാകും. ടീം വെള്ളിയാഴ്ച വൈകീട്ട് പരിശീലനത്തിനിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.