ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.പി.എൽ) മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയില്ലാത്ത ചെന്നൈ സൂപ്പർ കിങ്സിനെ കുറിച്ച് സങ്കൽപിക്കാൻ കഴിയാത്ത വിധമാണ് അദ്ദേഹത്തിനുള്ള ആരാധക പിന്തുണ. കഴിഞ്ഞ സീസണിൽ അദ്ദേഹം കളി മതിയാക്കുമെന്ന് കരുതിയിരുന്നെങ്കിലും ചെന്നൈയിൽ ലഭിക്കുന്ന സ്നേഹമാണ് ഒരു സീസണിൽ കൂടി തുടരാൻ പ്രേരിപ്പിച്ചത്.
ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമുകളാണ് അഞ്ചുതവണ വീതം ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും. ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ഈ ടീമുകൾ തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്ന് വെളിപ്പെടുത്തുകയാണ് ഇരു ടീമിനും വേണ്ടി കളിച്ച മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു. ചെന്നൈ ആരാധകരെ സംബന്ധിച്ചിടത്തോളം അവർ ഒന്നാമതായി ധോണി ആരാധകരാണെന്നും രണ്ടാമതേ ടീമിന്റെ ആരാധകരാകുന്നുള്ളൂവെന്നും പറഞ്ഞ താരം, മുംബൈയുടേത് നേരെ തിരിച്ചാണെന്നും പറയുന്നു. മുംബൈ ആരാധകർക്ക് പ്രധാനം ടീമാണ്, അതിന് ശേഷം മാത്രമേ ഏതെങ്കിലും താരം വരുന്നുള്ളൂ. മഹി ഭായ് അവിടെയില്ലെങ്കിൽ സ്റ്റേഡിയത്തിന്റെ പകുതി പോലും നിറയില്ല. അവരെല്ലാം മഹിഭായ് ആരാധകരാണ് -‘രൺവീർ ഷോ 360’ൽ സംസാരിക്കുന്നതിനിടെ റായുഡു പറഞ്ഞു.
കഴിഞ്ഞ സീസണിൽ മുട്ടിനേറ്റ പരിക്കോടെയാണ് ധോണി കളത്തിലിറങ്ങിയത്. ടൂർണമെന്റിൽ അവരെ ജേതാക്കളാക്കിയ ശേഷം ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. ഈ സീസണിൽ കളിക്കുമോയെന്ന സംശയം ഉണ്ടായിരുന്നെങ്കിലും ഓരോ ഫ്രാഞ്ചൈസിയും നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോൾ ചെന്നൈ ടീമിൽ നായകനായി ധോണിയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.