അവസാന രണ്ട് പന്തും ഗാലറിയിലെത്തിച്ച് ധോണി, ക്ലാസ് ബാറ്റിങ്ങുമായി കോൺവേ; പഞ്ചാബിന് ജയിക്കാൻ 201

ചെന്നൈ: ഇന്നിങ്സിലെ അവസാന രണ്ട് പന്തും സിക്സറടിച്ച് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി കാണികൾക്ക് വീണ്ടും വിരുന്നൊരുക്കിയ ഐ.പി.എൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് ജയിക്കാൻ വേണ്ടത് 201 റൺസ്. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 200 റൺസ് അടിച്ചത്. ഓപണർ ദെവോൺ കോൺവേ പുറത്താകാതെ നേടിയ തകർപ്പൻ അർധ സെഞ്ച്വറിയാണ് ആതിഥേയർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. കോൺവേ 52 പന്തിൽ 92 റൺസുമായും ധോണി നാല് പന്തിൽ 13 റൺസുമായും പുറത്താകാതെ നിന്നു. ഋതുരാജ് ഗെയ്ക്‍വാദ് 31 പന്തിൽ 37 റൺസ് നേടിയപ്പോൾ ശിവം ദുബെ 17 പന്തിൽ 28 റൺസടിച്ചു. മോയിൻ അലി (ആറ് പന്തിൽ 10) രവീന്ദ്ര ജദേജ (10 പന്തിൽ 12) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.

അവസാന ഓവറിൽ ധോണി ബാറ്റിങ്ങിനിറങ്ങുമ്പോൾ ആർത്തുവിളിച്ചാണ് കാണികൾ എതിരേറ്റത്. കാണികളുടെ പ്രതീക്ഷ തെറ്റിക്കാതെ അവസാന രണ്ട് പന്തും ധോണി ഗാലറിയിലെത്തിക്കുകയും ചെയ്തു. അവസാന ഓവറിലെ രണ്ട് സിക്സറുകള്‍ക്ക് പിന്നാലെ മാന്‍ ഓഫ് ട്വന്റീത്ത് ഓവര്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി. ഇന്ന് പഞ്ചാബിനെതിരായ മത്സരത്തിലെ സിക്സര്‍ ഉള്‍പ്പെടെ ധോണി അവസാന ഓവറിലെ അവസാന രണ്ട് പന്തുകളില്‍ നേടുന്ന സിക്സറുകളുടെ എണ്ണം 18 ആയി.  ഐ.പി.എല്‍ കരിയറില്‍ ഇന്നിങ്സിന്‍റെ അവസാന രണ്ട് പന്തുകളില്‍ ഏറ്റവുമധികം സിക്സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇതോടെ ധോണിയുടെ പേരിലായി. 16 സിക്സറുകള്‍ നേടിയ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന കീറോണ്‍ പൊള്ളാഡിന്‍റെ പേരിലായിരുന്നു ഇതുവരെ അവസാന രണ്ട് പന്തുകളിലെ സിക്സര്‍ റെക്കോര്‍ഡ്.

പഞ്ചാബിനായി അർഷ്ദീപ് സിങ്, സാം കറൺ, രാഹുൽ ചാഹർ, സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് മികച്ച നിലയിലാണ്. എഴോവറിൽ ഒരു വിക്കറ്റിന് 70 റൺസെന്ന നിലയിലാണ് സന്ദർശകർ. 15 പന്തിൽ 28 റൺസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാന്റെ വിക്കറ്റാണ് നഷ്ടമായത്. ഓപണർ പ്രഭ്സിമ്രാൻ സിങ് 19 പന്തിൽ 33 റൺസുമായും അഥർവ തയ്ഡെ എട്ട് പന്തിൽ ഏഴ് റൺസുമായും ക്രീസിലുണ്ട്. 

Tags:    
News Summary - Dhoni with the last two balls to the gallery, Conway with class batting; 201 to win for Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.