കറാച്ചി: ഹൃദയാഘാതം സംഭവിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് ടീം നായകൻ ഇൻസമാമുൽ ഹഖ്. ഹൃദയാഘാതമുണ്ടായിട്ടില്ലെന്നും സ്ഥിരം ചെക്കപ്പിനായിട്ടാണ് ഡോക്ടറെ സന്ദർശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
'എനിക്ക് ഹൃദയാഘാതം സംഭവിച്ചതായി നിരവധി റിപ്പോർട്ടുകൾ കണ്ടു. തെറ്റാണത്. സ്ഥിരം ചെക്കപ്പിനായാണ് ഞാൻ ഡോക്ടറുടെ അടുത്ത് പോയത്. അവിടെ വെച്ച് ആൻജിയോഗ്രാം ചെയ്യണമന്ന് അവർ പറഞ്ഞു. ആൻജിയോഗ്രാഫിയിൽ എന്‍റെ ഹൃദയധമനിയിൽ ബ്ലോക്ക് ഉള്ളതായി കണ്ടെത്തി. അതേത്തുടർന്നാണ് അവർ സ്റ്റൻഡ് കടത്തിവിട്ട് ബ്ലോക്ക് കളഞ്ഞത്. ആൻജിയോപ്ലാസ്റ്റി വിജയകരമായിരുന്നു. 12 മണിക്കൂറിന് ശേഷം ഞാൻ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി. ഇപ്പോൾ സുഖമായിരിക്കുന്നു'-ഇൻസമാം യൂട്യൂബ് വിഡിയോയിലൂടെ പറഞ്ഞു.
'എന്‍റെ ആരോഗ്യത്തിന് വേണ്ടി പ്രാർഥിച്ച പാകിസ്താനിലെയും മറ്റെല്ലായിടത്തെയും ആളുകൾക്ക് ഞാൻ നന്ദി അറിയിക്കുന്നു. സൗഖ്യം നേർന്ന ക്രിക്കറ്റർമാർക്കും എന്‍റെ നന്ദി'-ഇൻസി കൂട്ടിച്ചേർത്തു.
ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ ഇൻസമാം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ വിവരം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ സ്ഥിരീകരിച്ചിരുന്നു. ഹൃദയാഘാതം വന്ന് ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇൻസമാമിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്.
51കാരനായ ഇൻസമാം ഏകദിനത്തിലെ പാകിസ്താന്റെ ഏറ്റവും മികച്ച റൺവേട്ടക്കാരനാണ്. ഏകദിനത്തിൽ 375 മത്സരങ്ങളിൽ നിന്നായി 11701 റൺസ് നേടിയിട്ടുണ്ട്. 119 ടെസ്റ്റുകളിൽ നിന്നായി 8829 റൺസാണ് സമ്പാദ്യം. 2007ലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 2016-2019 കാലയളവിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്‍റെ ചീഫ് സെലക്ടർ സ്ഥാനം അലങ്കരിച്ച അദ്ദേഹം അഫ്ഗാനിസ്താൻ ടീമിന്‍റെ പരിശീലകനായും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.