ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ വിവിധ കോണുകളിൽ നിന്നായി ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ലക്ഷ്യബോധമില്ലാതെ ബാറ്റുവീശിയ ബാറ്റ്സ്മാൻമാരെയും ടീം സെലക്ഷനും വരെ വിമർശനത്തിന് വിധേയമായി. സതാംപ്റ്റണിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് കിവീസ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായത്.
ഇപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും മുഖ്യ സെലക്ടറുമായിരുന്ന ദിലീപ് വെങ്സർക്കാർ.
സതാംപ്റ്റൺ പോലെയുള്ള ഒരു മൈതാനത്തിൽ കൂടുതൽ റൺസ് സ്കോർ ചെയ്യാനുള്ള ഉദ്യേശ്യം ബാറ്റ്സ്മാൻമാർ കാണിക്കണമായിരുന്നുവെന്ന് കോഹ്ലി അഭിപ്രായപ്പെട്ടിരുന്നു. ഇതുപോലൊരു വലിയ മത്സരത്തിന് മുമ്പ് മതിയായ തയാറെടുപ്പുകൾ നടത്തുന്നതിലും ടീം ജാഗ്രത കാണിക്കണമെന്ന് വെങ്സർക്കാർ വിമർശിച്ചു.
'ഉദ്ദേശ്യത്തെ കുറിച്ച് അവൻ സംസാരിക്കുകയാണെങ്കിൽ എന്തുകൊണ്ട് ഈ മത്സരത്തിന് കൃത്യമായി ഒരുങ്ങിയില്ല? അപ്പോൾ ഈ ഉദ്ദേശ്യം ഒക്കെ എവിടെയായിരുന്നു? ചുരുങ്ങിയത് രണ്ട് ചതുർദിന മത്സരങ്ങളെങ്കിലും അവർ കളിക്കേണ്ടതായിരുന്നു' -വെങ്സർക്കാർ പറഞ്ഞു.
'അത്തരം മത്സരങ്ങളിലൂടെയാണ് നമുക്ക് താരങ്ങളുടെ കായികക്ഷമത പഠിക്കാൻ സാധിക്കുക. ഫാസ്റ്റ് ബൗളർമാർക്ക് അത്തരം പരിശീലന മത്സരങ്ങളിൽ നിന്നാണ് ലൈനും ലെങ്തും മനസ്സിലാകുക'-വെങ്സർക്കാർ പറഞ്ഞു.
മഴയുടെ സാഹചര്യം ഒഴിച്ചു നിർത്തുകയാണെങ്കിൽ ഏറ്റവും മികച്ച ഇലവനെ തന്നെയാണ് ഇന്ത്യ രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ആദ്യ ദിവസം മഴയിൽ ഒലിച്ചുപോയ സാഹചര്യത്തിൽ ഒരു സ്പിന്നറെ പിൻവലിച്ച് മുഹമ്മദ് സിറാജിനെ ഉൾപെടുത്താൻ ഇന്ത്യ ശ്രമിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.