ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻ വിക്കറ്റ് കീപ്പർ ബാറ്ററും ക്രിക്കറ്റ് കമന്റേറ്ററുമായ ദിനേശ് കാർത്തിക്ക് എക്കാലത്തേയും മികച്ച ഇന്ത്യൻ ഇലവനെ തെരഞ്ഞെടുത്തിരുന്നു. ഇതിഹാസ നായകൻ എം.എസ്. ധോണിയെ ഉൾപ്പെടുത്താതെയാണ് അദ്ദേഹം ടീമിനെ തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇത് തനിക്ക് പറ്റിയ അബദ്ധമാണെന്നും ക്ഷമിക്കണമെന്നും കാർത്തിക്ക് ഇപ്പോൾ പറയുന്നു. ധോണി ആയിരിക്കും തന്‍റെ ഏഴാം നമ്പർ ബാറ്ററും ക്യാപ്റ്റനുമെന്ന് കാർത്തിക്ക് പറഞ്ഞു.
' എനിക്ക് വലിയ ഒരു അബദ്ധം പറ്റി, ടീമിൽ വിക്കറ്റ് കീപ്പറെ ഉൾപ്പെടുത്താൻ ഞാൻ മറന്നു. രാഹുൽ ദ്രാവിഡ് അവിടെ ഉണ്ടായിരുന്നതിനാൽ അദ്ദേഹമായിരിക്കും എന്‍റെ വിക്കറ്റ് കീപ്പർ ബാറ്ററെന്ന് ആരാധകർ കരുതി. ഞാൻ ഒരു വിക്കറ്റ് കീപ്പർ ആയിട്ടു പോലും ടീമിൽ ഒരു സ്പെഷ്യലിസ്റ്റ് കീപ്പറെ ഉൾപ്പെടുത്താൻ മറന്നു. ഇത് വലിയ അബദ്ധമാണ്. ഏതൊരു ടീമെടുത്താലും ധോണിയുണ്ടാകും. ക്രിക്കറ്റ് കളിച്ചവരിൽ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ധോണി. എന്‍റെ ടീമിൽ ഒരു മാറ്റം വരുത്തണമെങ്കിൽ ധോണിയെ ഞാൻ ഏഴാം നമ്പറിൽ കൊണ്ടുവരും. അദ്ദേഹമായിരിക്കും ഏതൊരു ഇന്ത്യൻ ടീമിന്‍റെയും നായകനും,' കാർത്തിക്ക് പറഞ്ഞു.
ധോണിയെ ഏഴാം നമ്പറിലെത്തിക്കുമ്പോ അദ്ദേഹത്തിന് പകരം ആരെ മാറ്റും എന്ന് അറിയിക്കാൻ കാർത്തിക്ക് വീണ്ടും മറന്നു. ധോണിയുടെ സമയത്ത് തന്നെ കളിച്ചതിനാൽ ഒരുപാട് മത്സരം നഷ്ടപ്പെട്ട താരമാണ് ദിനേശ് കാർത്തിക്ക്. 2007 ട്വന്റി-20 ലോകകപ്പ് 2013 ചാമ്പ്യൻ ട്രോഫി എന്നീ ഇന്ത്യ വിജയിച്ച ഐ.സി.സി ടൂർണമെന്‍റുകളിൽ കാർത്തിക്ക് ടീമിന്‍റെ ഭാഗമായിരുന്നു.
കാർത്തിക്ക് ആദ്യം പ്രഖ്യാപിച്ച ഇന്ത്യൻ ടീം:
വിരേന്ദർ സേവാഗ്, രോഹിത് ശർമ, രാഹുൽ ദ്രാവിഡ്, സച്ചിൻ ടെൻഡുൽക്കർ, വിരാട് കോഹ്ലി, യുവരാജ് സിങ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, അനിൽ കുംബ്ലെ, ജസ്പ്രീത് ബുംറ, സഹീർ ഖാൻ,
12-ാമൻ: ഹർഭജൻ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.