ഇന്ത്യ-ശ്രീലങ്ക മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിൽ ഒരു മത്സരം സമനിലയായപ്പോൾ ഒരു മത്സരത്തിൽ ഇന്ത്യ തോൽക്കുകയായിരുന്നു. മൂന്നാമത്തെയും അവസാനത്തേതുമായ പരമ്പര തീരുമാനിക്കുന്ന മത്സരത്തിൽ നിന്നും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ രാഹുലിനെ ടീമിൽ നിന്നും പുറത്താക്കിയതിനെതിരെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ്.
ഋഷബ് പന്താണ് അദ്ദേഹത്തിന് പകരം ടീമിന്‍റെ കീപ്പറാകുക. രാഹുലിന് പകരം ദുബെയെയും പരാഗിനെയുമൊക്കെ കളിപ്പിക്കുന്നത് ഭ്രാന്തമാണെന്ന് പറയുകയാണ് ദൊഡ്ഡ ഗണേഷ്. എക്സിലാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
'ഒരു ഭ്രാന്തമായ ലോകത്ത് മാത്രമെ റിയാൻ പരാഗും ശിവം ദുബെയുമൊക്കെ രാഹുലിന് മുകളിൽ ടീമിൽ കളിക്കുകയുള്ളു. എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ല. മൂന്ന് മത്സരങ്ങൾക്ക് മുമ്പ് അവൻ ഏകദിനത്തിൽ ഇന്ത്യയെ നയിച്ചിരുന്നു. എന്നാൽ പെട്ടെന്ന് ഒരു പരാജയമുണ്ടായപ്പോൾ അവൻ പ്ലെയിങ് ഇലവനിൽ നിന്നും പുറത്ത്. വിഡ്ഢിത്തം എന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും,' ദൊഡ്ഡ ഗണേഷ് പറഞ്ഞു.
ആദ്യ മത്സരത്തിൽ 31 റൺസെടുത്ത രാഹുൽ രണ്ടാം മത്സരത്തിൽ പൂജ്യനായി മടങ്ങുകയായിരുന്നു. പരമ്പര സമനിലയിലാക്കാൻ ഇന്ത്യക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.