പോസ്റ്റ് മോർട്ടം നടത്താൻ ആഗ്രഹിക്കുന്നില്ല; ടെസ്റ്റ് പരമ്പര തോൽവിക്കു പിന്നാലെ രോഹിത് ശർമ

പുണെ: നാട്ടിലെ ടെസ്റ്റ് പരമ്പരകളിൽ 12 വർഷമായി തുടരുന്ന ഇന്ത്യയുടെ ആധിപത്യമാണ് ന്യൂസിലൻഡ് തകർത്തത്. ബംഗളൂരുവിനു പിന്നാലെ പുണെയിലെ ടെസ്റ്റും രോഹിത് ശർമയും സംഘവും സന്ദർശകർക്കു മുന്നിൽ അടിയറവെച്ചതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര കൈവിട്ടു.

രണ്ടാം ടെസ്റ്റിൽ 113 റൺസിനാണ് ആതിഥേയരുടെ തോൽവി. 4331 ദിനങ്ങൾ നീണ്ട ഇന്ത്യയുടെ വിജയ റെക്കോഡാണ് കീവീസ് ഇല്ലാതാക്കിയത്. ഇതിനു മുമ്പ് 2012ൽ ഇംഗ്ലണ്ട് ടീമിനോടാണ് നാട്ടില്‍ ഇന്ത്യ അവസാനമായി ഒരു ടെസ്റ്റ് പരമ്പര തോറ്റത്. എം.എസ്. ധോണിയായിരുന്നു അന്ന് ക്യാപ്റ്റൻ. 18 ടെസ്റ്റ് പരമ്പരകള്‍ നീണ്ട ഇന്ത്യയുടെ വിജയക്കുതിപ്പാണ് ഇന്ന് കീവീസ് അവസാനിപ്പിച്ചത്. ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയംകൂടിയാണിത്.

പരമ്പര നഷ്ടപ്പെട്ടതിൽ വേദനയുണ്ടെന്ന് മത്സരശേഷം രോഹിത് മാധ്യമങ്ങളോട് പറഞ്ഞു. ‘12 വർഷം ടീമിന്‍റെ നല്ലകാലമായിരുന്നു. ഇക്കാലയളവിൽ മികച്ച പ്രകടനം നടത്താനായി. ഇപ്പോൾ വ്യത്യസ്തമായ കാര്യങ്ങളൊന്നും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. ടീമിന് പിഴച്ചത് എവിടെയാണെന്ന് പരിശോധിക്കും. വേണ്ട മാറ്റങ്ങൾ വരുത്തും. കഴിഞ്ഞ കാലങ്ങളിൽ മികച്ച പ്രകടനം നടത്തിയ ടീമാണിതെന്ന കാര്യം നമ്മൾ മറക്കരുത്’ -രോഹിത് പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ പുതിയ പതിപ്പിൽ ഇന്ത്യയുടെ നാലാം ടെസ്റ്റ് തോൽവിയാണിത്. രണ്ടാമതുള്ള ആസ്ട്രേലിയയേക്കാൾ 0.32 പോയന്‍റിന്‍റെ ലീഡ് മാത്രമാണ് നിലവിൽ ഇന്ത്യക്കുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടിക നേരത്തെ വിലയിരുത്തുന്നതിൽ കാര്യമില്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് രോഹിത് മറുപടി നൽകിയത്.

ഇപ്പോഴേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെ കുറിച്ച് ചിന്തിക്കുന്നതിൽ അർഥമില്ല. മത്സരം തോറ്റതിൽ അതിയായ ദുഖമുണ്ട്. പരമ്പരയും കൈവിട്ടു. നിങ്ങൾ ടെസ്റ്റിൽ തോൽക്കുമ്പോൾ, അത് കൂട്ടായ പരാജയമാണ്. ജയിക്കുമ്പോൾ അത് എല്ലാവർക്കും അവകാശപ്പെട്ടതാണ്. തോറ്റതിന്‍റെ ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കണമെന്നും രോഹിത് കൂട്ടിച്ചേർത്തു.

നാട്ടിൽ തുടർച്ചയായി 18 പരമ്പരകൾ ജയിച്ചു. എന്നാൽ, ഈ പരമ്പരയിൽ നമ്മൾ നന്നായി ബാറ്റ് ചെയ്തില്ല. പോസ്റ്റ് മോർട്ടം നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും നായകൻ വ്യക്തമാക്കി. 359 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ ഇന്നിങ്സ് 245ൽ അവസാനിച്ചു. സ്കോർ: ന്യൂസിലൻഡ് -259 & 255, ഇന്ത്യ -156 & 245. 77 റൺസ് നേടിയ യശസ്വി ജയ്സ്വാളും 42 റൺസ് നേടിയ രവീന്ദ്ര ജദേജയും മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

Tags:    
News Summary - 'Don't want to do a post-mortem' -Rohit Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.