'നിനക്ക് കളിക്കാൻ താൽപര്യം തോന്നുന്ന കാലത്തോളം കളിക്ക് സഞ്ജൂ, കളിച്ച് കാണിച്ചുകൊടുക്ക്'

ലോകകപ്പിന് പിന്നാലെ ആസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസൺ പുറത്തായിരിക്കുകയാണ്. സൂര്യകുമാർ യാദവിനെ നായകനാക്കി ഇന്നലെ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ ഒരിക്കൽ കൂടി തഴയുകയായിരുന്നു സെലക്ടർമാർ. ഇതോടെ, എന്ത് ന്യായമാണ് സഞ്ജുവിനെ പുറത്താക്കാൻ ബി.സി.സി.ഐക്കുള്ളതെന്ന ചോദ്യമുയർത്തുകയാണ് ആരാധകർ.

പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കാൻ ഒരു കാരണവുമില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഡോ. നെൽസൺ ജോസഫ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ. വിക്കറ്റ് കീപ്പറായ സഞ്ജുവിന് പകരം ടീമിലെടുത്തവരുടെ പ്രകടനം സഞ്ജുവിനേക്കാൾ എത്രയോ താഴെയാണെന്ന് കണക്കുകൾ സഹിതം വിശദമാക്കുന്നുണ്ട്. സഞ്ജുവിന്‍റെ ആദ്യകാല മോശം പ്രകടനങ്ങൾ അയാളുടെ ആവറേജിനെ സാരമായിത്തന്നെ ബാധിച്ചിട്ടുണ്ടെങ്കിലും അവസാന പത്ത് ഇന്നിങ്സുകളിൽ മികച്ച പ്രകടനമാണ്. ലോകകപ്പിനു മുൻപ് സൂര്യകുമാർ യാദവിന്‍റെ ബാറ്റിങ്ങ് ആവറേജ് 27.79 ആയിരുന്നു. സഞ്ജു സാംസന്‍റെയാവട്ടെ 55.71. എന്നിട്ടും ലോകകപ്പിൽ നിന്ന് സഞ്ജു പുറത്തായി. ട്വന്‍റി20 ടീമിൽ സഞ്ജുവിനെ സെലക്റ്റ് ചെയ്യാഞ്ഞതിന്‍റെ മാനദണ്ഡമായി പറയുന്നത് അയാൾ ഫോമിലല്ല എന്നാണെങ്കിൽ സഞ്ജുവിനു പകരം മറ്റ് രണ്ട് പേരെയും സെലക്റ്റ് ചെയ്തതിന്‍റെ മാനദണ്ഡം എന്താണെന്ന് ഡോ. നെൽസൺ ജോസഫ് ചോദിക്കുന്നു.

 

ഡോ. നെൽസൺ ജോസഫിന്‍റെ കുറിപ്പ് വായിക്കാം...

പറയേണ്ട എന്ന് കരുതിയ ഒരു കാര്യമായിരുന്നു. പക്ഷേ ചിലതൊക്കെ കാണുമ്പേൾ പറയാതെ വയ്യ.

ആസ്ട്രേലിയയ്ക്ക് എതിരായ ട്വന്‍റി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് ആണ് ക്യാപ്റ്റൻ.

ലോകകപ്പ് സ്ക്വാഡിൽ സെലക്റ്റ് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ വിമർശിച്ച ഒരു സെലക്ഷനാണ് സൂര്യകുമാറിന്‍റേത്. ലോകകപ്പിനു മുൻപ് സൂര്യകുമാർ യാദവിന്‍റെ ബാറ്റിങ്ങ് ആവറേജ് 27.79 ആയിരുന്നു.

സഞ്ജു സാംസന്‍റെയാവട്ടെ 55.71. സൂര്യകുമാർ യാദവിന്‍റെ ഇരട്ടി.

സൂര്യകുമാറിന്‍റെ 24.4ൽ കിടന്ന ആവറേജ് 27ലേക്ക് കയറാൻ തന്നെ കാരണം പക്കാ ബാറ്റിങ്ങ് ട്രാക്കിൽ ആസ്ട്രേലിയയോട് നേടിയ അർധസെഞ്ചുറിയാണെന്ന് കളി കാണുന്നവർക്ക് അറിയാം.

ലോകകപ്പിലെ സൂര്യകുമാർ യാദവിന്‍റെ പ്രകടനത്തിലേക്ക് വരാം. ഏഴ് മാച്ചിൽ 105 പന്തിൽ നിന്ന് 106 റൺ, 17.66 ആവറേജ്. അതിലും മോശം ആവറേജ് രണ്ട് പേർക്കേ ഉള്ളൂ. ജസ്പ്രീത് ബുമ്രയ്ക്കും മൊഹമ്മദ് ഷമിക്കും.

എങ്കിൽ പോലും ട്വന്‍റി20യിൽ ഇന്ത്യയെ നയിക്കാൻ സൂര്യകുമാർ യാദവിനെ ഏൽപിക്കുന്നതിൽ ഒരു തെറ്റും ഞാൻ പറയില്ല. ട്വന്‍റി20യിൽ അയാളുടെ റെക്കോഡ് ഒട്ടും മോശമല്ല എന്നത് തന്നെ കാരണം.

പക്ഷേ ആ ടീമിൽ പൊട്ടൻഷ്യൽ വിക്കറ്റ് കീപ്പർമാരായി രണ്ട് പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

1) ജിതേഷ് ശർമ

2) ഇഷാൻ കിഷൻ

ജിതേഷ് ശർമ - മൂന്ന് മാച്ച്, ഒരിന്നിങ്ങ്സ്, അഞ്ച് റൺ

ഇഷാൻ കിഷൻ - 29 മാച്ച്, 686 റൺ, 24.5 ആവറേജ്

ഇഷാന്‍റെ അവസാന പത്ത് ഇന്നിങ്സ് എടുത്തുപറയണം. 27,6,1,19,4,1,2,37,10,36 (ആകെ 143 റൺ - ആവറേജ് 14.3)

സഞ്ജു സാംസണിന്‍റെ ട്വന്‍റി20 റെക്കോഡ് മോശം തന്നെയാണ്. അയാളുടെ ആദ്യകാല മോശം പ്രകടനങ്ങൾ അയാളുടെ ആവറേജിനെ സാരമായിത്തന്നെ ബാധിച്ചിട്ടുമുണ്ട്.

പക്ഷേ അവസാന പത്ത് ഇന്നിങ്സുകളെടുത്താൽ 27.25 ആവറേജിൽ ഒരു അർധസെഞ്ചുറിയും രണ്ട് 30+ സ്കോറുമടക്കം 218 റൺ നേടിയിട്ടുണ്ട് സഞ്ജു.

അതും ഇഷാനെപ്പോലെ ടീമിലെ സ്ഥാനത്തിന് ഒരു ഇൻഷുറൻസ് പോളിസിയും ഉണ്ടാവാഞ്ഞിട്ടും.

ഇനി ജിതേഷ് ശർമ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം കൊണ്ടാണ് സഞ്ജുവിന്‍റെ മുന്നിലെത്തിയതെന്നും വാദിക്കാൻ കഴിയില്ല.

ടോപ് സ്കോറർമാരുടെ ലിസ്റ്റിൽ 97ാമതാണ് സഞ്ജു സാംസണെങ്കിൽ ജിതേഷ് നൂറ്റിനാൽപ്പതാമതാണ്.

സഞ്ജുവിനെ സെലക്റ്റ് ചെയ്യാഞ്ഞതിന്‍റെ ക്രൈറ്റീരിയ ശരി. അയാൾ ഫോമിലല്ല. അയാൾ ട്വന്‍റി20യിൽ തിളങ്ങിയിട്ടില്ല. അപ്പൊ സഞ്ജുവിനു മേലെ അവരെ രണ്ട് പേരെയും സെലക്റ്റ് ചെയ്തതിന്‍റെ ക്രൈറ്റീരിയ എന്തായിരുന്നു?

ഒരു കാര്യം കൂടി. ആ ലോജിക് വച്ച് ഇനി സൂര്യകുമാർ യാദവിനു പകരം സഞ്ജു സാംസണാവുമല്ലോ ഏകദിന ടീമിൽ സ്ഥിരമായി അവസരം അല്ലേ?

സഞ്ജു സാംസണെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്‍റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടുണ്ട്. ജയിച്ചാലും, തോറ്റാലും, ഒരൊറ്റ റൺ പോലും സ്കോർ ചെയ്തില്ലെങ്കിലും ആ ടീമിനു സർവവിധ പിന്തുണയും.

നിനക്ക് കളിക്കാൻ താല്പര്യം തോന്നുന്ന കാലത്തോളം കളിക്ക് സഞ്ജൂ. കളിച്ച് കാണിച്ചുകൊടുക്ക്.

You are the best International cricketer this state has ever produced and we are proud of you

I was, am and will be a Sanju Samson fan always

Tags:    
News Summary - Dr Nelson Joseph facebook post about Sanju Samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.