കോയമ്പത്തൂർ: പേരുകേട്ട ബാറ്റിങ് നിര എട്ടുനിലയിൽ പൊട്ടിയിട്ടും ഹെറ്റ് പട്ടേലും ഉനദ്കട്ടും അടിച്ചും പിടിച്ചുംനിന്ന് പൊരുതി ഉയർത്തിയ അർധ സെഞ്ച്വറി കൂട്ടുകെട്ടിൽ ദക്ഷിണ മേഖലക്കെതിരെ തിരിച്ചുവന്ന് പശ്ചിമ മേഖല. സായ് കിഷോറും ബേസിൽ തമ്പിയും സ്റ്റീഫനും നയിച്ച ദക്ഷിണ മേഖല ബൗളിങ്ങിനു മുന്നിൽ അതിവേഗം മുട്ടുമടക്കിയെന്ന് തോന്നിച്ചിടത്താണ് വാലറ്റത്ത് കളിയുടെ ഗതി മാറ്റി ഇരുവരും ദുലീപ് ട്രോഫി ഫൈനലിൽ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ പശ്ചിമ മേഖലയെ എട്ടു വിക്കറ്റ് നഷ്ടത്തിൽ 250ലെത്തിച്ചത്.
യശസ്വി ജയ്സ്വാളും പ്രിയങ്ക് പഞ്ചലും തുടക്കമിട്ട പശ്ചിമ മേഖല ബാറ്റിങ്ങിനെ ഞെട്ടിച്ച് സ്റ്റീഫനാണ് തുടക്കത്തിൽ ആഞ്ഞടിച്ചത്. സ്റ്റീഫന്റെ പന്തുകളിൽ ജയ്സ്വാൾ ഒരു റണ്ണിനും പഞ്ചൽ ഏഴു റൺസിനും തിരികെ നടന്നു. വൺഡൗണായെത്തിയ സീനിയർ താരം അജിങ്ക്യ രഹാനെയും രണ്ടക്കം കാണാതെ ബേസിൽ തമ്പിക്ക് വിക്കറ്റ് നൽകി മടങ്ങി. 16 റൺസിനിടെ മൂന്നു വിലപ്പെട്ട വിക്കറ്റുപോയ പശ്ചിമ മേഖല അതോടെ കളി മന്ദഗതിയിലാക്കി പിടിച്ചുനിൽക്കാൻ ശ്രമം നടത്തിയതോടെ ടീം ഇന്നിങ്സ് പതിയെ മുന്നോട്ടുനീങ്ങി. എന്നാൽ, മധ്യനിരയുടെ നെഞ്ചു തകർത്ത് സായ് കിഷോർ ആഞ്ഞടിച്ചതോടെ ശ്രേയസ് അയ്യരും സർഫറാസ് ഖാനും ഷംസ് മുലാനിയും മടങ്ങിയത് പശ്ചിമ മേഖലയുടെ പോരാട്ടം പെരുവഴിയിലാക്കി. എന്നാൽ, തകർച്ചക്കരികെ തിരിച്ചുവന്ന് ഹെറ്റ് പട്ടേലും കൂട്ടുനൽകി പത്താമൻ ജയദേവ് ഉനദ്കട്ടും മനോഹരമായി ബാറ്റു വീശിയതോടെ കളിയുടെ ഗതി പിന്നെയും മാറി. ഇരുവരും ചേർന്ന് ഒന്നാം ദിനം പൂർത്തിയാക്കുമ്പോൾ 83 റൺസ് അപരാജിത കൂട്ടുകെട്ടുമായി ക്രീസിലുണ്ട്. പട്ടേൽ സെഞ്ച്വറിക്ക് നാലു റൺസ് അകലെ 96ലും ജയദേവ് ഉനദ്കട്ട് 39ലുമാണ്. 15 ഓവറിൽ 42 റൺസ് വിട്ടുനൽകിയായിരുന്നു ബേസിൽ തമ്പി രണ്ടു വിക്കറ്റെടുത്തത്. സി.വി സ്റ്റീഫൻ 10 ഓവറിൽ 39 റൺസ് നൽകി രണ്ടു പേരെ മടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.