കോയമ്പത്തൂർ: ഒന്നാം ഇന്നിങ്സിൽ നൽകിയ ലീഡ് രണ്ടാം ഇന്നിങ്സിൽ ഇരട്ടിയായി തിരിച്ചുപിടിച്ച പശ്ചിമ മേഖല ദുലീപ് ട്രോഫി കിരീടത്തിലേക്ക്. തകർപ്പൻ പ്രകടനവുമായി പശ്ചിമ മേഖല ബാറ്റർമാർ നടത്തിയ കുതിപ്പിന് ബൗളർമാർ തുടർച്ച നൽകിയതോടെയാണ് ദക്ഷിണ മേഖല വൻ തോൽവിയുടെ മുന്നിലായത്.
529 എന്ന അപ്രാപ്യമായ ടോട്ടൽ തേടിയിറങ്ങിയ ദക്ഷിണ മേഖല നാലാം ദിവസം സ്റ്റംപെടുക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലാണ്. മുൻനിര ഏറെയും മടങ്ങിയ ടീം തോൽവി ഒഴിവാക്കാൻ 375 റൺസുകൂടി എടുക്കണം. ഇരട്ട സെഞ്ച്വറിയുമായി യശസ്വി ജയ്സ്വാളും സെഞ്ച്വറി കടന്ന് സർഫറാസ് ഖാനും നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് പശ്ചിമ മേഖലയെ വൻ സ്കോറിലെത്തിച്ചത്.
തുടക്കത്തിലേ പതർച്ച കാണിച്ച ദക്ഷിണ മേഖല നിരയിൽ രോഹൻ വീണ്ടും തകർത്തടിച്ചത് മാത്രമായിരുന്നു ആശ്വാസം. 100 പന്തിൽ 93 റൺസ് എടുത്ത രോഹനൊഴികെ ഒരാളും പിടിച്ചുനിന്നില്ല. ഒരുവശത്ത് വിക്കറ്റുകൾ വൻവീഴ്ച നേരിട്ടപ്പോഴും ഉലയാതെ ബാറ്റുവീശിയ രോഹനെ ഷംസ് മുലാനി മടക്കി.
ക്യാപ്റ്റൻ ഹനുമ വിഹാരി, മായങ്ക് അഗർവാൾ, ബാബ ഇന്ദ്രജിത്ത്, മനീഷ് പാണ്ഡെ തുടങ്ങിയവരൊക്കെയും പരാജയമായി. അദിത് ഷേതും ജയദേവ് ഉനദ്കട്ടും ചേർന്നാണ് ദക്ഷിണ മേഖല ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. സ്കോർ: പശ്ചിമ മേഖല 270, 585/4, ദക്ഷിണ മേഖല 327, 154/6.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.