ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ആസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ കടുത്ത നടപടിയുമായി ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് പട്ടികയില്‍ നിന്ന് ഇരുടീമുകളുടെയും പോയിന്റുകൾ വെട്ടിക്കുറച്ചു. ആഷസിന് പിന്നാലെ പുറത്തിറക്കിയ പോയിന്റ് പട്ടികയിൽ ഇംഗ്ലണ്ടിന് 19ഉം ഓസ്ട്രേലിയക്ക് 10ഉം പോയന്‍റുകളാണ് നഷ്ടമായത്.
ആദ്യടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇംഗ്ലണ്ടിന് രണ്ടും രണ്ടാം ടെസ്റ്റിലേതിന് ഒമ്പതും നാലാം ടെസ്റ്റിലേതിന് മൂന്നും അഞ്ചാമത്തേതിന് അഞ്ചും പോയന്റ് വീതമാണ് കുറച്ചത്. കൂടാതെ, അവർക്ക് ആദ്യ ടെസ്റ്റിൽ മാച്ച് ഫീയുടെ പത്ത് ശതമാനവും രണ്ടാം ടെസ്റ്റിൽ 40 ശതമാനവും നാലാം ടെസ്റ്റിൽ 15 ശതമാനവും അഞ്ചാം ടെസ്റ്റിൽ 25 ശതമാനവും പിഴയായി ഈടാക്കിയിട്ടുണ്ട്. അതേസമയം നാലാം ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഓസീസിന് 10 പോയന്റാണ് കുറച്ചത്. മാച്ച് ഫീയുടെ 50 ശതമാനം പിഴയായും വിധിച്ചിട്ടുണ്ട്.
പോയന്റ് കുറഞ്ഞതോടെ, പട്ടികയിൽ ആസ്ട്രേലിയക്ക് 18 പോയന്റും ഇംഗ്ലണ്ടിന് ഒമ്പത് പോയന്റുമായി ചുരുങ്ങി. പാകിസ്താനാണ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമത്. ശ്രീലങ്കക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ പാകിസ്താന് 24 പോയന്‍റും 100 വിജയശതമാനുവുമുണ്ട്. 16 പോയന്‍റും 66.67 വിജയശതമാനവുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സര പരമ്പര 1-0ന് സ്വന്തമാക്കിയതോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്. നിലവിലെ ചാമ്പ്യൻമാരായ ആസ്ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.