ഹൈദരാബാദ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ഒന്നാംദിനം രണ്ടാമത്തെ സെഷനിൽ ചായക്ക് പിരിയുമ്പോൾ 59 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ രവിചന്ദ്ര അശ്വിനും അക്സർ പട്ടേലും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്.
43 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഏഴു റൺസെടുത്ത മാർക്ക് വുഡുമാണ് ക്രീസിൽ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപണർമാരായ സാക് ക്രാളി (20) ബെൻ ഡക്കറ്റും (35) ചേർന്ന് മികച്ച തുടക്കമാണ് നൽകിയതെങ്കിലും 55 റൺസിൽ നിൽക്കെ അശ്വിൻ ആ കൂട്ടുകെട്ട് പൊളിച്ചു.
നിലയുറപ്പിക്കും മുൻപെ മൂന്നാമനായ ഒല്ലി പോപ്പിനെ (1) പുറത്താക്കി രവീന്ദ്ര ജഡേജയും വരവറിയിച്ചു. 60 ൽ നിൽക്കെ ഡക്കറ്റിനെ മടക്കി അശ്വിൻ വീണ്ടും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. തുടർന്ന് ജോ റൂട്ടും ജോണി ബെയർ സ്റ്റോയും ടീം സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ലഞ്ച് കഴിഞ്ഞ് മടങ്ങിയെത്തിയ ഇംഗ്ലണ്ടിന് 121 ൽ നിൽക്കെ ബെയർസ്റ്റോയെ(37) നഷ്ടമായി. അക്സർ പട്ടേലാണ് വിക്കറ്റെടുത്തത്. മൂന്ന് റൺസ് ചേർക്കുന്നതിനിടെ ജോ റൂട്ടിനെ (29) ജഡേജ മടക്കി അയച്ചു.
ബെൻ ഫോക്സിനെ (4) അക്സർ പട്ടേലും രേഹാൻ അഹമ്മദിനെ (13) ജസ്പ്രീത് ബുംറയും പുറത്താക്കി. തുടർന്നെത്തിയ ടോം ഹാർട്ട്ലി (23) ബെൻ സ്റ്റോക്കിനൊപ്പം ചേർന്ന് വെടിക്കെട്ട് മൂഡിലായിരുന്നെങ്കിലും 193 ൽ നിൽക്കെ രവീന്ദ്ര ജഡേജയുടെ കുത്തിത്തിരിഞ്ഞ പന്ത് ഹാർട്ട്ലിയുടെ ലെഗ് സ്റ്റംപ് പിഴുതു.
സ്പിന്നിനെ തുണക്കുമെന്ന കണക്കുകൂട്ടലിൽ മൂന്ന് സ്പിന്നർമാരെയാണ് ഇന്ത്യ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയത്. ഇംഗ്ലണ്ടും ഇന്ത്യക്കെതിരെ മൂന്ന് സ്പിന്നർമാരെ അണിനിരത്തുന്നുണ്ട്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജക്കുമൊപ്പം അക്സര്‍ പട്ടേലാണ് മൂന്നാം സ്പിന്നറായി ടീമിലെത്തിയത്.
ആദ്യ രണ്ടു ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്ന വിരാട് കോഹ്ലിക്ക് പകരം രജത് പട്ടിദാർ ടീമിനൊപ്പം ചേർന്നിരുന്നെങ്കിലും അന്തിമ ഇലവനിൽ ഉൾപ്പെട്ടില്ല. രോഹിത് ശർമക്കൊപ്പം യശസ്വി ജയ്സ്വാൾ ഓപൺ ചെയ്തേക്കും. മൂന്നാം നമ്പറിൽ ശുഭ്മാൻ ഗില്ലു നാലാം നമ്പറിൽ ശ്രേയസ് അയ്യരും അഞ്ചാമനായി കെ.എൽ.രാഹുൽ പ്ലേയിങ് ഇലവനിൽ ഉണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് പേസർമാരായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.