ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കുന്നതിൽ നിന്നും നിയന്ത്രണമേർപ്പെടുത്താൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ കൂടുതൽ താരങ്ങളെ പങ്കെടുപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കമെന്ന് ‘ദ് ടെലിഗ്രാഫി’ൽ വന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. താരങ്ങൾ വിദേശ ലീഗുകൾ കളിക്കാൻ പോയതിനാൽ ഇംഗ്ലണ്ടിലെ കഴിഞ്ഞ ആഭ്യന്തര സീസണിന്‍റെ തീയതികൾ പലതവണ മാറ്റിയിരുന്നു. അതേസമയം, ഇംഗ്ലണ്ട് താരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ തടസമുണ്ടാവില്ല.
ഇംഗ്ലണ്ട് താരങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് ഏറ്റവും കൂടുതലും ബാധിക്കുക പാകിസ്താൻ സൂപ്പർ ലീഗിനെയാണ് . 2024ൽ നടന്ന പാകിസ്താൻ സൂപ്പർ ലീഗ് സീസണിൽ 16 ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളാണ് വ്യത്യസ്ത ടീമുകളുമായി കരാറിലെത്തിയത്. അലക്സ് ഹെയ്ൽസ്, ജേസൺ റോയ്, ഡേവിഡ് മലൻ, ജെയിംസ് വിൻസ്, ക്രിസ് ജോർദാൻ, ഡേവിഡ് വില്ലി, ലൂക്ക് വുഡ്, ഗസ് അറ്റ്കിൻസൺ എന്നിവരാണ് ഇതിൽ പ്രധാനികൾ.
ഇംഗ്ലീഷ് കൗണ്ടി ടീമുകളുമായി കരാറിലെത്തുകയും പരിശീലന സൗകര്യങ്ങൾ ഉൾപ്പടെ ഉപയോഗിക്കുകയും ചെയ്തശേഷം ഒരു താരം കളിക്കുന്നതിൽ നിന്ന് ഒഴിവാകുന്നത് ടീമുകളുടെ ഇഷ്ടക്കേടിന് വഴിവെച്ചിരുന്നു. അടുത്ത വർഷത്തോടെ നിയമം പ്രാബല്യത്തിൽ വരുത്താനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ശ്രമിക്കുന്നത്.
ലോകത്ത് നടക്കുന്ന വ്യത്യസ്ത ലീഗുകളിൽ ഒരുപാട് ടീമുകളെ ഐ.പി.എൽ ഉടമകൾ സ്വന്തമാക്കിയിട്ടുണ്ട്. അതിനാൽ ഭാവിയിൽ ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' എന്ന ലീഗിൽ ഐ.പി.എൽ ഫ്രാഞ്ചൈസികൾ പണമെറിയാൻ സാധ്യതയുള്ളതിനാലാണ് ഇംഗ്ലീഷ് താരങ്ങളെ ഐ.പി.എൽ കളിക്കുന്നതിൽ നിന്നും വിലക്കാത്തതെന്ന് റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.