ദുബൈ: ഇംഗ്ലണ്ടും ആസ്ട്രേലിയയും തമ്മിലുള്ള ത്രില്ലർ പോര് പ്രതീക്ഷിച്ച് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തിയവർക്ക് നിരാശ. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ ഓസീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് തുർച്ചയായ മൂന്നാംജയം സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്ത ഓസീസ് ഉയർത്തിയ 125 റൺസ് വെറും 11.4 ഓവറിൽ ഇംഗ്ലീഷുകാർ മറികടക്കുകയായിരുന്നു. 32 പന്തിൽ അഞ്ചുവീതം ബൗണ്ടറിയും സിക്സറുമായി തകർത്തടിച്ച ജോസ് ബട്ലറാണ് ഇംഗ്ലീഷ് ജയം വേഗത്തിലാക്കിയത്. നേരത്തേ 17 റൺസിന് മൂന്നുവിക്കറ്റെടുത്ത ക്രിസ് ജോർദനും 23 റൺസിന് രണ്ടുവിക്കറ്റെടുത്ത ക്രിസ് വോക്സുമാണ് ഓസീസിനെ പിടിച്ചുകെട്ടിയത്.
പന്തെടുത്തവരെല്ലാം വിക്കറ്റെടുത്ത ഇംഗ്ലീഷ് ബൗളർമാരിൽ എല്ലാവരും തിളങ്ങിയപ്പോൾ ഓസീസ് ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (44) ആണ് ടോപ്സ്കോറർ. ആദ്യ അഞ്ചു ബാറ്റർമാരിൽ മറ്റാർക്കും രണ്ടക്കം കാണാനായില്ല. ഡേവിഡ് വാർണർ (1), സ്റ്റീവൻ സ്മിത്ത് (1), ഗ്ലെൻ മാക്സ്വെൽ (6), മാർകസ് സ്റ്റോയ്നിസ് (0) എന്നിവരെല്ലാം അതിവേഗം ബാറ്റുവെച്ച് കീഴടങ്ങിയതോടെ ഏഴാം ഓവറിൽ നാലിന് 21 എന്ന നിലയിലായി ആസ്ട്രേലിയ. പിന്നീടെത്തിയ ലോവർ മിഡിൽ ഓർഡർ ബാറ്റർമാരാണ് കുറച്ചെങ്കിലും പിടിച്ചുനിന്ന് ഓസീസ് ഇന്നിങ്സിെൻറ ആയുസ് നീട്ടിയത്. മാത്യു വെയ്ഡ് (18), ആഷ്ടൺ ആഗർ (20), പാറ്റ് കമ്മിൻസ് (12), മിച്ചൽ സ്റ്റാർക് (13) എന്നിവരും ഫിഞ്ചും ചേർന്ന് സ്കോർ 125ലെത്തിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് എല്ലാം എളുപ്പമായിരുന്നു. ടീം സ്കോർ 66 നിൽക്കേയാണ് ആദ്യവിക്കറ്റായി ജേസൺ റോയിയെ (22) നഷ്ടമായത്. ഒരറ്റത്ത് അടിതുടർന്ന ബട്ലർ ഇംഗ്ലണ്ടിന്‍റെ ജയംവേഗത്തിലാക്കി. ഡേവിഡ് മലാൻ എട്ടുറൺസുമായി പുറത്തായപ്പോൾ ബെയർസ്റ്റോ 16 റൺസുമായി പുറത്താകാതെ നിന്നു. വമ്പൻ തോൽവിയോെട റൺറേറ്റ് നെഗറ്റീവിെലത്തിയ ഓസീസ് പോയന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക രണ്ടാംസ്ഥാനത്തേക്ക് കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.