ലീഡ്സ്: ആഷസിലെ ആദ്യ രണ്ട് ടെസ്റ്റിലും ആസ്ട്രേലിയയോടെ അടിയറവ് പറഞ്ഞ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ മൂന്ന് വിക്കറ്റ് ജയത്തോടെ പരമ്പരയിൽ തിരിച്ചെത്തി. രണ്ടാം ഇന്നിങ്സിൽ 251 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇംഗ്ലണ്ട് നാലാംദിനം 50 ഒാവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അഞ്ച് വിക്കറ്റ് നേടിയ ഒസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്റെ മൂർച്ചയേറിയ പന്തുകൾ ഇംഗ്ലണ്ടിന്റെ നടുവൊടിച്ചെങ്കിലും അർധ സെഞ്ച്വറി നേടിയ (75) ഹാരി ബ്രൂക്കിന്റെയും 44 റൺസെടുത്ത ഓപണർ സാക്ക് ക്രാവ്ലിയുടെയും പുറത്താകാതെ 23 റൺസെടുത്ത ക്രിസ് വോക്സിന്റെയും മികവിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.
നേരത്തെ ഒന്നാം ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 263 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിെന 237 ലൊതുക്കി ഒസീസ് ലീഡെടുത്തു. ലീഡിന്റെ മുൻതൂക്കം മുതലാക്കാനാവാതെ ഒസീസ് രണ്ടാം ഇന്നിങ്സിൽ 224 റൺസിന് പുറത്താകുകയായിരുന്നു.
മികച്ച ആൾറൗണ്ടർ പ്രകടനം കാഴ്ചവെച്ച മാർക്ക് വുഡാണ് കളിയിലെ താരം. അതേസമയം, ഹാരി ബ്രൂക്ക് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ 1000 റൺസ് തികയ്ക്കുന്ന താരമായി മാറി. ടെസ്റ്റിൽ 1000 റൺസ് തികക്കാൻ ബ്രൂക്കിന് വേണ്ടി വന്നത് വെറും 1,058 പന്തുകൾ. 1,140 പന്തുകൾ നേരിട്ട് 1000 തികച്ച ന്യൂസിലൻഡിന്റെ കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്.
അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ ആഷസ് പരമ്പരയിൽ ആദ്യ രണ്ടിലും ആസ്ട്രേലിയക്കായിരുന്നു ജയം. ബർമിംഗ്ഹാമിൽ നടന്ന ആദ്യ ടെസ്റ്റിൽ രണ്ടു വിക്കറ്റിനും ലോഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 43 റൺസിനായിരുന്നു ആസ്ട്രേലിയയുടെ ജയം. നാലാം ടെസ്റ്റ് ജൂലൈ 19 ന് മാഞ്ചസ്റ്ററിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.