മുംബൈ: ട്വന്‍റി20 ലോകകപ്പിൽ സൂപ്പർതാരം വിരാട് കോഹ്ലിയും യശ്വസി ജയ്സ്വാളും ഇന്ത്യൻ ടീമിന്‍റെ ഓപ്പണറാകണമെന്ന് മുൻ ക്രിക്കറ്റർ വസീം ജാഫർ. സമൂഹമാധ്യമത്തിലൂടെയാണ് താരം ലോകകപ്പിൽ ഇന്ത്യൻ ടീമിന് അനുയോജ്യമായ ബാറ്റിങ് ഓർഡറുമായി ബന്ധപ്പെട്ട് അഭിപ്രായപ്രകടനം നടത്തിയത്.
ജൂൺ രണ്ടു മുതൽ 29 വരെ യു.എസ്.എയിലും വെസ്റ്റിൻഡീസിലുമായാണ് ഇത്തവണ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നായകൻ രോഹിത് ശർമയും ജയ്സ്വാളുമാണ് പതിവായി ബാറ്റിങ് ഓപ്പൺ ചെയ്തിരുന്നത്. ജൂൺ ഒന്നിന് ന്യൂയോർക്കിലെ നസാവു കൗണ്ടി ഇന്‍റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശുമായി ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഇതിനകം 15 അംഗ ഇന്ത്യൻ സ്ക്വാഡും സപ്പോർട്ടിങ് സ്റ്റാഫും ന്യൂയോർക്കിലെത്തി.
രണ്ടു സംഘങ്ങളായാണ് ടീം യാത്ര തിരിച്ചത്. രോഹിത്തും സൂര്യകുമാർ യാദവും മൂന്ന്, നാല് നമ്പറുകളിൽ ബാറ്റ് ചെയ്യണമെന്ന് വസീം ജാഫർ എക്സിൽ കുറിച്ചു. സ്പിൻ ബൗളിങ്ങിനെ മികച്ച രീതിയിൽ നേരിടുന്ന രോഹിത് നാലാം നമ്പറിൽ കളിക്കുന്നത് ആശങ്കപ്പെടാനുള്ള കാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി കോഹ്ലിയാണ് സ്ഥിരമായി ഓപ്പൺ ചെയ്യുന്നത്.
ഐ.പി.എല്‍ 2024ൽ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് കോഹ്ലിക്കായിരുന്നു. രണ്ടാം തവണയാണ് താരം ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്നത്. പ്ലേ ഓഫില്‍ പുറത്തായ ആര്‍.സി.ബിക്ക് വേണ്ടി 15 മത്സരങ്ങളില്‍നിന്ന് 741 റണ്‍സാണ് താരം നേടിയത്. ശരാശരി 61.75ഉം സ്ട്രൈക്ക് റേറ്റ് 154.70ഉം ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.