കോഹ്‍ലിയെ ടീമിൽ നിന്നും ഒഴിവാക്കാൻ മാനേജർമാരിൽ ഒരാളിൽ നിന്നും നിർദേശമുണ്ടായപ്പോൾ ധോണിയുടെ പ്രതികരണം കണ്ട് ഞെട്ടിയെന്ന് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഉമർ അക്മൽ. ട്വന്റി 20 ലോകകപ്പ് ഫൈനലിൽ വിരാട് കോഹ്‍ലി തകർപ്പൻ പ്രകടനം നടത്തി ഇന്ത്യൻ ടീമിന്റെ വിജയശിൽപിയായതിന് പിന്നാലെയാണ് അക്മലിന്റെ പ്രതികരണം. ടൂർണമെന്റിന് പിന്നാലെ കോഹ്‍ലി ട്വന്റി 20യിൽ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു.
ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഉമർ അക്മൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 2013ലെ ഇന്ത്യയുടെ പാകിസ്താൻ പര്യടനത്തിനിടെയാണ് സംഭവം. പരമ്പരക്കിടെ താനും ധോണിയും റെയ്നയും ശുഹൈബ് മാലികും ഒരുമിച്ച് ഡിന്നറിന് പോയിരുന്നു. ഇതിനിടെ ഇന്ത്യൻ ടീമിന്റെ മാനേജർ വന്ന് കോഹ്‍ലിയെ അവസാന ഏകദിനത്തിൽ നിന്നും ഒഴിവാക്കാൻ നിർദേശിച്ചു. ഇതിനുള്ള ധോണിയുടെ മറുപടി അക്ഷാരാർഥത്തിൽ തന്നെ ഞെട്ടിച്ചുവെന്ന് അക്മൽ പറഞ്ഞു.
താൻ ആറ് മാസമായി വീട്ടിൽ പോയിട്ട്. കോഹ്‍ലിക്കൊപ്പം എന്തുകൊണ്ടാണ് തനിക്കും ടിക്കറ്റ് ബുക്ക് ചെയ്യാത്തതെന്നായിരുന്നു ധോണിയുടെ ചോദ്യം. ഇതിന് ശേഷം ആരെ വേണമെങ്കിലും കളിപ്പിക്കാൻ മാനേജർ ധോണിക്ക് അനുവാദം നൽകിയെന്നും അക്മൽ പറഞ്ഞു.
വിരാട് മികച്ച കളിക്കാരനാണ്. മൂന്ന് നാലോ മത്സരങ്ങളിൽ പരാജയപ്പെട്ടുവെന്ന് വെച്ച് അയാളെ ടീമിൽ നിന്നും ഒഴിവാക്കണോയെന്നും ടീം മാനേജരോട് ധോണി ചോദിച്ചുവെന്നും അക്മൽ വെളിപ്പെടുത്തി. അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യൻ ടീം ലോകകപ്പ് നേടിയതിന് പിന്നാലെ ആശംസയുമായി ധോണി രംഗത്തെത്തിയിരുന്നു. ലോകകപ്പ് വീണ്ടും വീട്ടിലെത്തിച്ചതിന് നന്ദിയെന്നായിരുന്നു ധോണിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.