മുംബൈ: അവിശ്വസനീയമായ ബൗളിങ്ങാണ് കഴിഞ്ഞ ദിവസം നടന്ന മുംബൈക്കെതിരായ മത്സരത്തിൽ പഞ്ചാബിന്റെ അർഷ്ദീപ് സിങ് കാഴ്ചവെച്ചത്. അർഷ്ദീപിന്റെ അവസാന ഓവർ ബൗളിങ് 13 റൺസ് ജയമാണ് പഞ്ചാബിന് സമ്മാനിച്ചത്.
മത്സരത്തിനിടെ അർഷ്ദീപിന്റെ ബൗളിങ്ങിൽ രണ്ട് തവണയാണ് സ്റ്റംപ് പൊട്ടിയത്. തിലക് വർമ്മയും നെഹൽ വദേരയുമാണ് അർഷ്ദീപിന്റെ ബൗളിങ്ങിന് ഇരയായത്. അവസാന ഓവറിൽ ഹാട്രിക് അവസരം ലഭിച്ചുവെങ്കിലും ജോഫെ ആർച്ചർ രണ്ട് റൺസ് നേടി അർഷ്ദീപിന്റെ ഹാട്രിക് അവസരം ഇല്ലാതാക്കി. വിക്കറ്റുകൾ നേടിയപ്പോൾ സന്തോഷം തോന്നിയെന്നും ടീം വിജയം നേടിയപ്പോൾ അത് ഇരട്ടിയായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പഞ്ചാബിന്റെ 215 റൺസ് പിന്തുടർന്ന് മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. അവസാനം വരെ മുംബൈ പൊരുതി നോക്കിയെങ്കിലും പഞ്ചാബിന്റെ കൂറ്റൻ സ്കോർ മറികടക്കാനായില്ല.
തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെ നഷ്ടമായ മുംബൈയെ കരകയറ്റിയത് രോഹിത് ശർമ്മയും കാമറോൺ ഗ്രീനും തമ്മിലുള്ള കൂട്ടുകെട്ടാണ്. രോഹിത് ശർമ്മ പുറത്തായതിന് പിന്നാലെയെത്തിയ സൂര്യകുമാർ യാദവ് അടിച്ച് കളിച്ചതോടെ മുംബൈ ജയം തേടുമെന്ന് തോന്നിച്ചു. ഗ്രീൻ പുറത്തായെങ്കിലും പിന്നീടെത്തിയ ഡേവിഡ് അതിവേഗം ബാറ്റുവീശി.
ഇരുവരുടേയും സഖ്യം ഭീഷണിയാകുമെന്ന ഘട്ടത്തിൽ പഞ്ചാബിന്റെ രക്ഷകനായി അർഷ്ദീപ് സിങ് അവതരിച്ചു. സൂര്യകുമാർ യാദവിനെ പുറത്താക്കി അർഷ്ദീപ് പഞ്ചാബിന് നിർണായക ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നീട് എത്തിയവരൊന്നും ടീമിന് കാര്യമായ സംഭാവന നൽകാതിരുന്നതോടെ പഞ്ചാബിന് മുന്നിൽ മുംബൈനിര അടിയറവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.