കൊളംബോ: ഏഷ്യ കപ്പ് ഫൈനലിൽ ഇതിനകം ഇടംപിടിച്ച ഇന്ത്യ വെള്ളിയാഴ്ച സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടും. ഗ്രൂപ് റൗണ്ടിലും സൂപ്പർ ഫോറിലുമായി കളിച്ച മൂന്നു മത്സരങ്ങളിലും ജയിക്കാൻ രോഹിത് ശർമക്കും സംഘത്തിനും കഴിഞ്ഞിരുന്നു. ഇന്നത്തെ മത്സരത്തിന്റെ ഫലത്തിന് പ്രസക്തിയില്ലെങ്കിലും വിജയയാത്ര തുടർന്ന് ഫൈനലിന് ഒരുങ്ങാനാണ് ഇന്ത്യ ഇറങ്ങുന്നത്. തുടർച്ചയായി കളിച്ച താരങ്ങൾക്ക് വിശ്രമം നൽകുന്നതിനും ബെഞ്ചിലിരിക്കുന്നവർക്ക് അവസാന ഇലവനിൽ ഇടം നൽകുന്നതിനുമുള്ള അവസരം കൂടിയാണ് ഈ മത്സരം.
ബാറ്റർമാരിൽ സൂര്യകുമാർ യാദവും തിലക് വർമയും ബൗളർമാരിൽ പേസർ പ്രസിദ്ധ് കൃഷ്ണയും കളിക്കുമോയെന്ന ആകാംക്ഷ ഇന്ത്യൻ ആരാധകരിലുണ്ട്. പരിക്കുകാരണം രണ്ട് മത്സരങ്ങൾ നഷ്ടമായ ശ്രേയസ് അയ്യർ വ്യാഴാഴ്ച നെറ്റ്സിൽ ബാറ്റും ബൗളും ചെയ്തിരുന്നു. ജസ്പ്രീത് ബുംറക്കോ മുഹമ്മദ് സിറാജിനോ വിശ്രമം നൽകിയാൽ മുഹമ്മദ് ഷമി കളിക്കാനും സാധ്യതയുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖുർ റഹീമിന്റെ സേവനം ബംഗ്ലാദേശിന് ലഭ്യമാവില്ല. മുഷ്ഫിഖ് നാട്ടിലേക്ക് മടങ്ങിയതിനാൽ ലിറ്റൺ ദാസ് പകരക്കാരനായേക്കും.
ഇന്ത്യ- രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ് ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, ഷാർദുൽ ഠാകുർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ.
ബംഗ്ലാദേശ്- ഷാകിബ് അൽ ഹസൻ (ക്യാപ്റ്റൻ), അനാമുൽ ഹഖ് ബിജോയ്, നജ്മുൽ ഹുസൈൻ ഷാന്റോ, തൗഹീദ് ഹൃദോയ്, അഫീഫ് ഹുസൈൻ ധ്രുബോ, മെഹ്ദി ഹസൻ മിറാസ്, തസ്കിൻ അഹമ്മദ്, ഹസൻ മഹ്മൂദ്, മുസ്തഫിസുർ റഹ്മാൻ, ഷരീഫുൽ ഇസ്ലാം, നസും അഹമ്മദ്, ഷാക് മെഹ്ദി ഹസൻ, നഈം ഷെയ്ഖ്, ഷമീം ഹുസൈൻ, തൻസീദ് ഹസൻ തമീം, തൻസിം ഹസൻ സാകിബ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.