ഇന്ത്യ-ന്യൂസിലൻഡ് സെമി കാണാൻ ഫുട്ബാൾ ഇതിഹാസം ബെക്കാമും?

മുംബൈ: ലോകകപ്പിലെ ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ മത്സരം കാണാൻ ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാമും എത്തുമെന്ന് റിപ്പോർട്ട്. മുൻ ഇംഗ്ലീഷ് സൂപ്പർതാരം യൂനിസെഫ് ഗുഡ്‌വിൽ അംബാസഡറെന്ന നിലക്ക് ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്നുണ്ട്.

സെമി മത്സരം കാണാനായി ബെക്കാം വാംഖഡെ സ്റ്റേഡിയത്തിലെത്തുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രിക്കറ്റിലൂടെ സ്ത്രീകളെയും കുട്ടികളെയും ശക്തീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ പദ്ധതിയിൽ യുനിസെഫും പങ്കാളിയാണ്. അങ്ങനെയെങ്കിൽ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർക്കൊപ്പം ബെക്കാമും വി.വി.ഐ.പി ഗാലറിയിലിരുന്ന് കളി കാണാനുണ്ടാകും. മുൻ താരങ്ങളും സെലിബ്രിറ്റികളും ഉൾപ്പെടെ നിരവധി പ്രമുഖരും കളി കാണാനെത്തും.

ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് മത്സരം. റൗണ്ട് റോബിൻ ലീഗിലെ ഒമ്പത് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് രോഹിത് ശർമയും സംഘവും സെമിയിലെത്തിയത്. എല്ലാവരെയും തോൽപിച്ച് സെമിയിൽ കടക്കുന്ന ചരിത്രത്തിലെ ആദ്യ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ആധികാരികമായിരുന്നു എല്ലാ ജയങ്ങളും. ലീഗ് റൗണ്ടിൽ കീവീസിനെ തോൽപിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം.

ബാറ്റർമാരും ബൗളർമാരും ഒരുപോലെ ഫോം കണ്ടെത്തുന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ. നാലാം സ്ഥാനക്കാരായാണ് കീവീസ് സെമിയിലെത്തിയത്. 2019ൽ ഇംഗ്ലണ്ട് വേദിയായ ലോകകപ്പിൽ സെമിയിൽ ഇന്ത്യയെ തോൽപിച്ചാണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്. ഈ തോൽവിയുടെ കണക്കുചോദിക്കാനുള്ള അവസരം കൂടിയാണ് മുംബൈയിലെ സെമി പോരാട്ടം.

Tags:    
News Summary - Football Legend David Beckham Likely To Attend India Semifinal Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.