ഇന്ത്യൻ ടീമിന് വിജയാശംസകൾ നേർന്ന് ജർമൻ ഫുട്ബാളർ തോമസ് മുള്ളർ; നീല ജഴ്സി ധരിച്ച താരത്തിന്‍റെ വിഡിയോ വൈറൽ

ന്യൂസിലൻഡിനെതിരെ ലോകകപ്പ് സെമി പോരാട്ടത്തിനിറങ്ങുന്ന ടീം ഇന്ത്യക്ക് വിജയാശംസകൾ നേർന്ന് ജർമൻ ഫുട്ബാൾ ഇതിഹാസവും ബയേൺ മ്യൂണിക്ക് താരവുമായ തോമസ് മുള്ളർ. ടീം ഇന്ത്യയുടെ ജഴ്സി ധരിച്ച് വിജയം ആശംസിക്കുന്ന താരത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ബുധനാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് സെമി ഫൈനൽ മത്സരം. റൗണ്ട് റോബിൻ ലീഗിലെ ഒമ്പത് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് രോഹിത് ശർമയും സംഘവും സെമിയിലെത്തിയത്. എല്ലാവരെയും തോൽപിച്ച് സെമിയിൽ കടക്കുന്ന ചരിത്രത്തിലെ ആദ്യ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ആധികാരികമായിരുന്നു എല്ലാ ജയങ്ങളും. ലീഗ് റൗണ്ടിൽ കീവീസിനെ തോൽപിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം. ബാറ്റർമാരും ബൗളർമാരും ഒരുപോലെ ഫോം കണ്ടെത്തുന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ.

മുള്ളർക്ക് താരത്തിന്‍റെ പേരെഴുതിയ 25ാം നമ്പർ ജഴ്സിയാണ് ടീം ഇന്ത്യ സമ്മാനിച്ചത്. ബോക്സിൽനിന്ന് ജഴ്സിയെടുത്ത് ധരിക്കുന്നതും ഇന്ത്യക്ക് വിജയാശംസകൾ നേരുന്നതുമാണ് താരം എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലുള്ളത്. പോസ്റ്റിൽ സൂപ്പർതാരം വിരാട് കോഹ്ലിയെയും ടാഗ് ചെയ്തിട്ടുണ്ട്. ‘ഇത് നോക്കൂ, വിരാട് കോഹ്ലി. ജഴ്സിക്ക് നന്ദി, ടീം ഇന്ത്യ! ആശംസകൾ’ എന്ന കുറിപ്പിനൊപ്പമാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെയും താരം ഇന്ത്യൻ ടീമിന് വിജയാശംസകൾ നേർന്ന് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. 2014ൽ ഫിഫ ലോകകപ്പ് നേടിയ ജർമൻ ടീമിലെ അംഗമാണ് മുള്ളർ.

2019ൽ ഇംഗ്ലണ്ട് വേദിയായ ലോകകപ്പിൽ സെമിയിൽ ഇന്ത്യയെ തോൽപിച്ചാണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്. ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയ കോഹ്ലിയും സംഘവും 18 റൺസിനാണ് അന്ന് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കീവീസ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 49.3 ഓവറിൽ 221 റൺസിന് ഓൾ ഔട്ടായി. ഈ തോൽവിയുടെ കണക്കുചോദിക്കാനുള്ള അവസരം കൂടിയാണ് മുംബൈയിലെ സെമി മത്സരം.

Tags:    
News Summary - Football Legend Thomas Muller Wishes Team India Ahead Of Semi-Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.