ഐ.പി.എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ കിങ്സ് ഇലവൻ പഞ്ചാബിൻെറ തോൽവിക്ക് പിന്നാലെ വിവാദം പുകയുന്നു. സ്ക്വയർ ലെഗ് അമ്പയർ നിതിൻ മേനോൻെറ 'ഷോർട്ട് റൺ' വിളിക്കെതിരെ പഞ്ചാബ് അധികൃതർ മാച്ച് റഫറിക്ക് അപ്പീൽ നൽകി. മത്സരം സൂപ്പർ ഓവറിലേക്ക് കടക്കുന്നതിന് മുമ്പ്, 19ാം ഓവറിൻെറ മൂന്നാം പന്തിലായിരുന്നു വിവാദ സംഭവം. റബാദ എറിഞ്ഞ പന്തിൽ മായങ്ക് അഗർവാൾ രണ്ട് റൺസെടുത്തെങ്കിലും ക്രിസ് ജോർദാൻ ക്രീസിൽ എത്തിയില്ലെന്ന് കാണിച്ച് അമ്പയർ ഒരു റൺ മാത്രം നൽകുകയായിരുന്നു. എന്നാൽ, നോൺ-സ്ട്രൈക്കറുടെ എൻഡിൽനിന്ന് ഓടിത്തുടങ്ങിയ ജോർദാൻ ആദ്യ റൺ പൂർത്തിയാക്കുമ്പോൾ ബാറ്റ് ക്രീസിനുള്ളിലുണ്ടെന്ന് ടി.വി റീപ്ലേകളിൽ വ്യക്തമാണ്.
അവസാന ഓവറിൽ പഞ്ചാബിന് ജയിക്കാൻ 13 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ മൂന്ന് പന്തിൽ അഗർവാൾ 12 റൺസ് നേടി. എന്നാൽ, അവസാന മൂന്ന് പന്തിൽ രണ്ട് വിക്കറ്റ് നഷ്ടമാവുകയും റണ്ണൊന്നും നേടാനാമായില്ല. ഇതോടെ മത്സരം സമനിലയിലായി. തുടർന്ന് സൂപ്പർ ഓവറിൽ ജയം ഡൽഹി സ്വന്തമാക്കി. ആ ഒരു റൺ അമ്പയർ നൽകിയിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് വിലയിരുത്തൽ.
'മാച്ച് റഫറിയോട് അപ്പീൽ നൽകിയിട്ടുണ്ട്. കളിക്കിടയിൽ മാനുഷികമായ പിശകുകൾ സാധാരണമാണ്. എന്നാൽ, ഐ.പി.എൽ പോലുള്ള ലോകോത്തര ടൂർണമെൻറിൽ ഇത്തരം പിഴവുകൾക്ക് വൻവില നൽകേണ്ടി വരും. ആ ഒരു റൺ ചിലപ്പോൾ ഞങ്ങളുടെ േപ്ല ഓഫ് സാധ്യതകളെ കൂടി പ്രതികൂലമായി ബാധിക്കും -പഞ്ചാബ് സി.ഇ.ഒ സതീഷ് മേനോൻ പി.ടി.ഐയോട് പറഞ്ഞു.
'അപ്പീൽ കൊണ്ട് ഫലം ലഭിക്കില്ല എന്നറിയാം. കാരണം അമ്പയറുടെ തീരുമാനം ഉടനടി മാറ്റിയില്ലെങ്കിൽ നിയമപ്രകാരം വിധി അന്തിമമാണ്. എന്നാൽ, മാനുഷിക പിശകുകൾ വരാത്ത രീതിയിൽ നിയമങ്ങൾ പുനക്രമീകരിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്' -സതീഷ് മേനോൻ കൂട്ടിച്ചേർത്തു.
അടുത്തിടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻെറ എലീറ്റ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി അംപയർ നിതിൻ മേനോനാണ് പിഴവു സംഭവിച്ചത്. അമ്പയറുടെ തീരുമാനത്തിനെതിരെ ഒരുപാട് മുൻ താരങ്ങൾ പ്രതിഷേധവുമായി എത്തി. സാങ്കേതികവിദ്യകൾ മത്സരത്തെ സഹായിക്കണമെങ്കിൽ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് ആസ്ട്രോലിയൻ താരം ടോം മൂഡി പറഞ്ഞു.
മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗും അമ്പയറെ രൂക്ഷമായി വിമർശിച്ചു. മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സത്യത്തിൽ ആ അമ്പയറിനാണ് നൽകേണ്ടതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
'തേർഡ് അമ്പയർ ഇടപെട്ട് തീരുമാനം മാറ്റിച്ചിരുന്നെങ്കിൽ, അതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് കരുതുന്നില്ല. അദ്ദേഹം ഇടപെട്ട് ശരിയായ തീരുമാനം അമ്പയറെ അറിയിക്കണമായിരുന്നു' -സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കണമെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.