ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആഞ്ഞടിച്ച് മുൻ അംപയർ ഡാരില്‍ ഹാര്‍പ്പര്‍. ഗുജറാത്ത് ടൈറ്റാൻസിനെതിരായ ഒന്നാം ക്വാളിഫയറിലെ എംഎസ് ധോണിയുടെ പ്രവർത്തി ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുജറാത്തിന്റെ റൺചേസിനിടെ ശ്രീലങ്കൻ താരമായ മതീഷ പതിരനയെ കൊണ്ട് ബാൾ ചെയ്യിക്കാനായി മനഃപ്പൂർവ്വം സമയം വൈകിപ്പിച്ച ധോണിയുടെ നീക്കത്തെയാണ് ഹാർപർ വിമർശിച്ചത്.
മത്സരത്തിന്റെ 16ാം ഓവറിലായിരുന്നു സംഭവം നടന്നത്. അൽപ്പനേരം ഇടവേളയെടുത്ത പതിരന തന്റെ രണ്ടാം ഓവർ എറിയാനെത്തിയപ്പോൾ അംപയർമാർ തടയുകയായിരുന്നു. ഇടവേളക്ക് ശേഷം ഫീല്‍ഡില്‍ നിശ്ചിത സമയം തുടരാതെ പന്തെറിയാൻ അനുവദിക്കില്ലെന്ന് അംപയർമാർ തറപ്പിച്ചുപറഞ്ഞു. ധോണി വിഷയത്തിൽ അംപയർമാരുമായി മിനിറ്റുകളോളം തർക്കിക്കുകയും ചെയ്തു. ഫീൽഡിൽ തുടരേണ്ട നാല് മിനിറ്റ് പൂർത്തിയായതോടെ ചർച്ച നിർത്തി ധോണി മത്സരം തുടരുകയും ചെയ്തു.
എന്നാൽ, ധോണി മനഃപ്പൂർവ്വം സമയം വൈകിപ്പിച്ചെന്നുള്ള വിമർശനമായിരുന്നു പിന്നീട് ഉയർന്നുവന്നത്. ‘‘ഡെത്ത് ഓവറുകളിൽ തന്റെ പ്രധാന ബോളറെ കൊണ്ട് പന്തെറിയിക്കാനായി ധോണി മനഃപ്പൂർവ്വം സമയം കളയുകയായിരുന്നുവെന്ന് വിഖ്യാത അംപയറായ ഹാർപർ പറഞ്ഞു. ‘അംപയർമാരുടെ നിർദേശങ്ങളോടും ക്രിക്കറ്റിന്റെ മാന്യതയോടും കാണിക്കുന്ന ബഹുമാനമില്ലായ്മയാണ് ധോണിയുടെ ഭാഗത്ത് നിന്നുണ്ടായത്. നായകന് ബാൾ ചെയ്യിക്കാൻ വേറെ ആളുകളുണ്ടായിരുന്നു.
ചില താരങ്ങൾ നിയമങ്ങളേക്കാളും മുകളിലായിരിക്കാം. അല്ലെങ്കിൽ ഈ വിഷയത്തിൽ ക്രിക്കറ്റിന്റെ സ്പിരിറ്റിനപ്പുറവുമായിരിക്കാം. വിജയിക്കാനായി ചിലർ ഏതറ്റംവരെയും പോകുന്നത് എപ്പോഴും നിരാശാജനകമാണ്,” -ഹാർപ്പർ പറഞ്ഞു.
അതേസമയം, ടൂര്‍ണമെന്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ധോണിക്ക് ഒരുതവണ പിഴ ചുമത്തിയിരുന്നു. അതേ കുറ്റം ആവര്‍ത്തിച്ചതിനാല്‍ പിഴയോ, വിലക്കോ ധോണി നേരിടേണ്ടി വരും. വിലക്ക് ലഭിച്ചാൽ ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീമുമായുള്ള ഫൈനൽ ചെന്നൈ നായകന് നഷ്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.