ഷാർജ: 10 വർഷം മുമ്പ് ലോക കപ്പ് ഫൈനലിൽ വാങ്കഡെ സ്റ്റേഡിയത്തിൽ നുവാൻ കുലശേഖരയെ ഗാലറിക്കു മുകളിലേക്ക് പറത്തിയ അതേ സിക്സർ. ജയിക്കാൻ മൂന്നു പന്തിൽ രണ്ട് റൺസ് വേണ്ടപ്പോൾ ഷാർജ സ്റ്റേഡിയത്തിെൻറ ഗാലറിയിലേക്ക് മഹേന്ദ്രസിങ് ധോണിയുടെ ബാറ്റിൽ നിന്ന് പറന്ന സിക്സറിൽ സൺറൈസേഴ്സ് ൈഹദരാബാദിനെതിരെ ചെന്നെ സൂപ്പർ കിങ്സിന് നാലു വിക്കറ്റിെൻറ ജയം. രണ്ട് പന്ത് ബാക്കി നിർത്തിയാണ് ധോണിയും സംഘവും വിജയം അരക്കിട്ടുറപ്പിച്ചത്.
ഒരിക്കൽ കൂടി ഋതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലസിസും ഫോമിലേക്കുയർന്നപ്പോൾ ഹൈദരാബാദ് ഉയർത്തിയ 135 റൺസ് എന്ന ചെറിയ സ്കോർ അനായാസം മറികടക്കുമെന്നു കരുതിയെങ്കിലും ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞപ്പോൾ ആശങ്കയിലായി. ഋതുരാജ് 38 പന്തിൽ 45 റൺസും ഡുപ്ലസിസ് 36 പന്തിൽ 41 റൺസും നേടി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ജാസൺ ഹോൾഡറാണ് ചെന്നൈയെ ഒന്ന് ആശങ്കയിലാക്കിയത്. കളി ജയിക്കുമ്പോൾ ധോണി 14 റൺസുമായും അമ്പാട്ടി റായ്ഡു 17 റൺസുമായും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ചെന്നൈക്കു മുന്നിൽ കഷ്ടിച്ച് ഉയർത്താനായത് 135 റൺസിെൻറ വിജയലക്ഷ്യം. വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹക്കൊഴികെ മറ്റാർക്കും കാര്യമായൊന്നും ചെയ്യാനായില്ല. രാജസ്ഥാൻ റോയൽസിനെതിരെ ജാസൺ റോയിയെ ഇറക്കിയ പരീക്ഷണം ചെന്നൈക്കെതിരെ ഫലം കണ്ടില്ല. വെറും രണ്ടു റൺസുമായി റോയി മടങ്ങി.
11 പന്തിൽ 11 റൺസുമായി ഡ്വെയ്ൻ ബ്രാവോയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി നായകൻ കെയ്ൻ വില്യംസൺ തന്നെ കരയ്ക്കു കയറിയപ്പോൾ ടീം ആടിയുലഞ്ഞു. ഒരറ്റത്ത് അപ്പോഴും സാഹ ആഞ്ഞു തുഴഞ്ഞു. ഏഴു റൺസുമായി പ്രിയം ഗാർഗും വീണതോടെ സാഹക്കും നിൽപ്പുറക്കാതായി. 46 പന്തിൽ 44 റൺസെടുത്ത സാഹയെ ജഡേജയുടെ പന്തിൽ ധോണി പിടികൂടി. രണ്ടു സിക്സറും ഒരു ബൗണ്ടറിയും സാഹ അടിച്ചെടുത്തു.
വമ്പൻ അടിക്കാരായ അഭിഷേക് ശർമയും അബ്ദു സമദും 18 വീതം റൺസെടുത്ത് ജോഷ് ഹേസൽവുഡിന് കീഴടങ്ങി. ഉഗ്രശേഷിയുള്ള ജാസൺ ഹോൾഡറാകട്ടെ അഞ്ചു റൺസുമായി കരിന്തിരി കത്തി. വാലറ്റത്ത് റാഷിദ് ഖാൻ ആഞ്ഞടിക്കാൻ നോക്കിയെങ്കിലും കാര്യമായൊന്നും കഴിഞ്ഞില്ല. ഏഴു വിക്കറ്റിന് 134 റൺസിൽ ഹൈദരാബാദ് ഒതുങ്ങി.
ഹേസൽവുഡ് മൂന്നും ബ്രാവോ രണ്ടും വിക്കറ്റ് വീഴ്ത്തി. പോയൻറ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഹൈദരാബാദ്. ചെന്നൈ 18 പോയിന്റുമായി ഒന്നാമതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.