ധോണി മുതൽ സാം കറൺ വരെ... ഐ.പി.എല്ലിലെ വിലയേറിയ താരങ്ങളെ അറിയാം

മുംബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് 17ാം സീ​സ​ൺ താ​ര​ലേ​ലം ചൊവ്വാഴ്ച ദു​ബൈ​യി​ൽ നടക്കാനിരിക്കെ ആരാകും വിലയേറിയ താരമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. 214 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 333 പേ​രാ​ണ് 10 ടീ​മു​ക​ളി​ൽ ഇ​ടം​തേ​ടി രം​ഗ​ത്തു​ള്ള​ത്. 77 ഒ​ഴി​വു​ക​ളു​ള്ള​തി​ൽ 30 ​വ​രെ വി​ദേ​ശ​ താ​ര​ങ്ങ​ളെ ഉൾപ്പെടുത്താം. ഇ​വ​ർ​​ക്കാ​യി ആകെ 262 കോ​ടി രൂ​പ​വ​രെയാണ് മു​ട​ക്കാനാവുക. 23 താ​ര​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന വി​ല ര​ണ്ട് കോ​ടി രൂ​പ​യാ​ണ്. തൊ​ട്ടു​താ​ഴെ 1.5 കോ​ടി വി​ല​യു​ള്ള 13 പേ​രു​ണ്ട്.

ധോണി: 2008ലെ വിലയേറിയ താരം

2008ലായിരുന്നു ആദ്യ ഐ.പി.എൽ ലേലം. അന്ന് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോണിയായിരുന്നു വിലയേറിയ താരം. മുംബൈ ഇന്ത്യൻസുമായി മത്സരിച്ച് 9.50 കോടി രൂപയാണ് ചെന്നൈ ധോണിക്കായി മുടക്കിയത്. പിന്നീട് ചെന്നൈയുടെ അവിഭാജ്യ ഘടകമായി മാറിയ ധോണി അവരെ അഞ്ച് കിരീടങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

2009ലെ രണ്ടാം സീസണിൽ രണ്ട് ഇംഗ്ലീഷ് താരങ്ങൾക്കായിരുന്നു ഡിമാൻഡ്. കെവിൻ പീറ്റേഴ്സൺ, ആൻഡ്രു ഫ്ലിന്റോഫ് എന്നിവർക്കായി ടീമുകൾ മുടക്കിയത് 9.80 കോടി വീതമായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കെവിൻ പീറ്റേഴ്സണെ ടീമിലെത്തിച്ചപ്പോൾ ചെന്നൈ സൂപ്പർ കിങ്സാണ് ഫ്ലിന്റോഫിനെ സ്വന്തമാക്കിയത്.

2010ൽ ടീമുകൾ വൻ വില കൊടുത്ത് താരങ്ങളെ സ്വന്തമാക്കിയിരുന്നില്ല. 4.80 കോടിയായിരുന്നു അന്നത്തെ ഉയർന്ന വില. ന്യൂസിലാൻഡ് പേസർ ഷെയ്ൻ ബോണ്ടിനെ ​കൊൽക്കത്ത നൈറ്റ് റൈഡേഴ്സും വെസ്റ്റിൻഡീസ് വെടിക്കെട്ട് വീരൻ കീറോൺ പൊള്ളാർഡിനെ മുംബൈ ഇന്ത്യൻസും ഈ തുകക്ക് സ്വന്തമാക്കി.

റെക്കോഡ് ​മറികടന്ന് ഗംഭീറിന്റെ വരവ്

2011ൽ ഗൗതം ഗംഭീറിന്റെ വരവ് അതുവരെയുള്ള ഐ.പി.എൽ റെക്കോഡ് ​മറികടന്നായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അന്ന് ഗംഭീറിനായി മുടക്കിയത് 14.90 കോടിയായിരുന്നു. കൊൽക്കത്തയുടെ നായകനായും ആ സീസണിൽ താരം നിയമിതനായി. ഏഴ് സീസണിൽ കൊൽക്കത്തയിൽ തുടർന്ന ഗംഭീർ 2012ലും 2014ലും അവരെ ചാമ്പ്യന്മാരാക്കുകയും ചെയ്തു. ഇത്തവണ കൊൽക്കത്തയുടെ മെന്ററായി ഗംഭീർ എത്തുന്നുണ്ട്.

2012ൽ ഇന്ത്യൻ ആൾറൗണ്ടർ രവീന്ദ്ര ജദേജയായിരുന്നു ലേലത്തിലെ താരം. ചെന്നൈ സൂപ്പർ കിങ്സ് 12.80 കോടി മുടക്കിയാണ് ജദേജയെ ടീമിലെത്തിച്ചത്. 2013ൽ ആസ്ട്രേലിയൻ ആൾറൗണ്ടർ ​െഗ്ലൻ മാക്സ്വെല്ലിനായിരുന്നു ആവശ്യക്കാർ കൂടുതൽ. മുംബൈ ഇന്ത്യൻസ് 6.30 കോടി ചെലവിട്ട് ആസ്ട്രേലിയക്കാരനെ സ്വന്തമാക്കി.

രണ്ടു സീസണിൽ താരമായി യുവരാജ്

2014, 2015 സീസണുകളിൽ യുവരാജ് സിങ്ങായിരുന്നു വിലയേറിയ താരം. 2014ൽ 14 കോടി മുടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തെ ടീമിലെത്തിച്ചപ്പോൾ 14 മത്സരങ്ങളിൽ 376 റൺസാണ് നേടിയത്. എന്നാൽ, എട്ട് ടീമുള്ള സീസണിൽ ഏഴാമതായാണ് ബാംഗ്ലൂർ ഫിനിഷ് ചെയ്തത്.

തൊട്ടടുത്ത സീസണിൽ യുവരാജ് സിങ്ങിന് ലഭിച്ചത് 16 കോടി രൂപയെന്ന സർവകാല റെക്കോഡാണ്. ഡൽഹി ഡെയർ ഡെവിൾസാണ് താരത്തെ വൻതുകക്ക് സ്വന്തമാക്കിയത്. 14 മത്സരങ്ങളിൽ 19.07 റൺസ് ശരാശരിയിൽ 248 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

2016ൽ ആസ്ട്രേലിയൻ ആൾറൗണ്ടർ ഷെയ്ൻ വാട്സൺ ആയിരുന്നു വിലയേറിയ താരം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 9.50 കോടിയാണ് മുടക്കിയത്. 16 മത്സരങ്ങളിൽ 20 വിക്കറ്റ് നേടിയ താരം 179 റൺസും സ്വന്തമാക്കി.

രണ്ടുസീസണിൽ ബെൻ സ്റ്റോക്സ്

2017, 2018 സീസണുകളിൽ ഇംഗ്ലീഷ് ആൾറൗണ്ടർ ബെൻ സ്റ്റോക്സിനായിരുന്നു ഡിമാൻഡ്. 2017ൽ പുണെ സൂപർ ജയന്റ്സും 2018ൽ രാജസ്ഥാൻ റോയൽസും താരത്തിനായി മുടക്കിയത് 14.50 കോടി വീതമായിരുന്നു. പുണെക്കായി 11 ഇന്നിങ്സിൽ 316 റൺസും 12 വിക്കറ്റും നേടി ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചു. എന്നാൽ, രാജസ്ഥാനായി കാര്യമായി തിളങ്ങാനായില്ല. 13 ഇന്നിങ്സിൽ 196 റൺസും എട്ട് വിക്കറ്റുമാണ് നേടാനായത്.

2109ൽ ഇന്ത്യൻ താരങ്ങളായ ജയദേവ് ഉനദ്കട്ട്, വരുൺ ചക്രവർത്തി എന്നിവരാണ് വിലകൂടിയ താരങ്ങളായത്. ഉനദ്കട്ടിനെ 8.40 കോടി മുടക്കി രാജസ്ഥാൻ സ്വന്തമാക്കിയപ്പോൾ കിങ്സ് ഇലവൻ പഞ്ചാബ് അതേ തുക ചെലവിട്ടാണ് സ്പിന്നർ വരുൺ ചക്രവർത്തിയെ സ്വന്തമാക്കിയത്.

2020ൽ ആസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസായിരുന്നു താരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുടക്കിയത് 15.50 കോടിയായിരുന്നു. 14 മത്സരങ്ങളിൽ 12 വിക്കറ്റ് നേടിയ താരം 146 റൺസും നേടി. 2021ൽ ദക്ഷിണാഫ്രിക്കൻ ആൾറൗണ്ടർ ക്രിസ് മോറിസിന് വേണ്ടിയായിരുന്നു പിടിവലി. 16.50 കോടി മുടക്കി രാജസ്ഥാൻ റോയൽസാണ് താരത്തെ ടീമിലെത്തിച്ചത്. 11 മത്സരങ്ങളിൽ 15 വിക്കറ്റും 67 റൺസുമായിരുന്നു താരത്തിന്റെ സമ്പാദ്യം.

2022ൽ ഇഷാൻ കിഷനാണ് വൻവിലയിൽ ലേലത്തിൽ പോയത്. 15.25 കോടിക്ക് മുംബൈ ഇന്ത്യൻസാണ് വിക്കറ്റ് കീപ്പർ-ബാറ്ററെ സ്വന്തമാക്കിയത്. 14 മത്സരങ്ങളിൽ 418 റൺസ് നേടിയ താരം വിക്കറ്റിന് പിറകിൽ 14 ക്യാച്ചുമെടുത്തു. എന്നാൽ, ടീം ഏറ്റവും അവസാന സ്ഥാനത്താണ് ഇടം പിടിച്ചത്.

റെക്കോഡ് തിരുത്തി സാം കറൺ

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് ആൾറൗണ്ടർ സാം കറൺ പഞ്ചാബ് കിങ്സിലെത്തിയത് ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കായിരുന്നു. 18.50 കോടിയാണ് താരത്തിനായി അവർ മുടക്കിയത്. 376 റൺസും 10 വിക്കറ്റും നേടിയെങ്കിലും ടീം ഫിനിഷ് ചെയ്തത് എട്ടാം സ്ഥാനത്തായിരുന്നു. പുതിയ സീസണിലെ വിലയേറിയ താരം ആരായിരിക്കുമെന്ന ചോദ്യത്തിന് ഇന്ന് ദുബൈയിൽ നടക്കുന്ന ലേലത്തോടെ ഉത്തരമാകും.

Tags:    
News Summary - From Dhoni to Sam Curran... we know the valuable players of IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.