സഞ്ജു vs പന്ത്! ട്വന്‍റി20 ലോകകപ്പിലെ ഫസ്റ്റ് വിക്കറ്റ് കീപ്പറെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ബാറ്റർ

മുംബൈ: ജൂണിൽ യു.എസിലും വെസ്റ്റിൻഡീസിലുമായി അരങ്ങേറുന്ന ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർമാരായി ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമാണ് ഇടംനേടിയത്. കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു പന്ത്, ഒന്നര വർഷത്തെ ഇടവേളക്കുശേഷം ഐ.പി.എല്ലിലൂടെയാണ് ക്രിക്കറ്റ് മൈതാനത്തേക്ക് മടങ്ങിയെത്തിയത്.

വലിയ ഇടവേളയൊന്നും തന്‍റെ ബാറ്റിങ് കരുത്തിനെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഐ.പി.എല്ലിലെ താരത്തിന്‍റെ പ്രകടനം. ഡൽഹി കാപിറ്റൽസ് നായകൻ കൂടിയായ പന്ത്, 13 മത്സരങ്ങളിൽനിന്ന് 446 റൺസാണ് ഇതുവരെ നേടിയത്. മറുവശത്ത് രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവും തകർപ്പൻ ഫോമിലാണ്. താരത്തിന്‍റെ നായക മികവിലും ബാറ്റിങ് കരുത്തിലുമാണ് രാജസ്ഥാൻ ഇത്തവണ പ്ലേ ഓഫിലെത്തിയത്. 13 മത്സരങ്ങളിൽനിന്ന് 504 റൺസാണ് താരം നേടിയത്.

അതുകൊണ്ടുതന്നെ ലോകകപ്പിൽ പ്ലെയിങ് ഇലവനിൽ ആരെ കളിപ്പിക്കണമെന്നത് നായകൻ രോഹിത് ശർമയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. എന്നാൽ, പന്തിന് ആദ്യ പരിഗണന നൽകണമെന്നാണ് മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ പറയുന്നത്. ‘രണ്ടുപേരും ഒരുപോലെ മികച്ചവരാണ്. സഞ്ജുവിന് അതിശയിപ്പിക്കുന്ന നിലവാരമുണ്ട്, പന്തും മികച്ച താരമാണ്. രണ്ടുപേരിൽ ഒരാളെ തെരഞ്ഞെടുക്കുകയാണെങ്കിൽ ഞാൻ ഋഷഭ് പന്തിനെ തെരഞ്ഞെടുക്കും, കാരണം അദ്ദേഹം ഒരു മധ്യനിര ബാറ്ററാണ്. സഞ്ജു ഐ.പി.എല്ലിൽ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. അഞ്ചിലും ആറിലും ഏഴിലും പന്ത് ബാറ്റ് ചെയ്തിട്ടുണ്ട്’ -ഗംഭീർ പറഞ്ഞു.

ടീം ഇന്ത്യയുടെ കോമ്പിനേഷൻ നോക്കുകയാണെങ്കിൽ, മധ്യനിരയിലാണ് വിക്കറ്റ് കീപ്പർ വേണ്ടത്. അതുകൊണ്ട് താൻ പന്തിനൊപ്പം നിൽക്കും. മധ്യനിരയിൽ ഇടംകൈയൻ ബാറ്റർ എന്ന പ്ലസും അദ്ദേഹത്തിനുണ്ട്. ഇതിലൂടെ ഇടങ്കൈ -വലങ്കൈ കോമ്പിനേഷൻ ലഭിക്കുമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Gautam Gambhir Picks India's First-Choice Wicketkeeper For T20 World Cup 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.