ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് അടുത്തെത്തിയതോടെ ചാമ്പ്യന്മാരെ കുറിച്ചും ബാറ്റിങ്ങിലും ബൗളിങ്ങിലും വിസ്മയം തീർക്കുന്ന താരങ്ങളെ കുറിച്ചുമുള്ള മുൻതാരങ്ങളുടെയും ക്രിക്കറ്റ് പണ്ഡിറ്റുകളുടെയും പ്രവചനങ്ങളും വർധിച്ചു. ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്കാണ് കിരീട പോരിൽ കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്.
ഈ ലോകകപ്പിന്‍റെ താരങ്ങളാകാൻ പോകുന്നവരെ കുറിച്ചും പല പ്രവചനങ്ങളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഈ ലോകകപ്പിൽ പാകിസ്താൻ നായകൻ ബാബർ അസം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ പറയുന്നത്. മികച്ച ഫോമിലുള്ള താരം, ഈ വർഷം 15 ഇന്നിങ്സുകളിലായി എട്ട് അർധ സെഞ്ച്വറികളാണ് നേടിയത്. എന്നാൽ, ഏഷ്യാ കപ്പിൽ ഈ 29കാരന്‍റെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തി. പാകിസ്താൻ ഫൈനൽ കാണാതെ ഏഷ്യാ കപ്പിൽനിന്ന് പുറത്താകുകയും ചെയ്തു.
ലോകകപ്പിൽ സസൂക്ഷ്മം നിരീക്ഷിക്കുന്ന ബാറ്റർ ആരെന്ന ചോദ്യത്തിന് മറുപടിയായാണ് ഗംഭീർ ബാബറിന്‍റെ പേര് പറഞ്ഞത്. ‘ഞാൻ ബാബർ അസമിനെ തെരഞ്ഞെടുക്കുന്നു. ക്രിക്കറ്റ് ലോകകപ്പിൽ ആവേശം പടർത്താനുള്ള യോഗ്യത അദ്ദേഹത്തിനുണ്ടെന്ന് കരുതുന്നു. ബാറ്റ് ചെയ്യുമ്പോൾ അധിക സമയം കിട്ടുന്ന ഒരുപാട് ബാറ്റർമാരെ ഞാൻ കണ്ടിട്ടുണ്ട്. നിങ്ങൾക്ക് തീർച്ചയായും വിരാട് കോഹ്ലിയും രോഹിത് ശർമയും ഡേവിഡ് വാർണറും ജോ റൂട്ടും കെയ്ൻ വില്യംസണും ഉണ്ട്, എന്നാൽ ബാബർ അസം അവരിൽനിന്നെല്ലാം വ്യത്യസ്തമാണ്’ -ഗംഭീർ അഭിപ്രായപ്പെട്ടു.
ഏഷ്യാ കപ്പിൽ ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെ ബാബറിന്‍റെ ക്യാപ്റ്റൻസിയെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. നേരത്തെ, സെമിയിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ പാകിസ്താൻ തോറ്റതിനു പിന്നാലെ ബാബറിന്‍റെ ഫീൽഡിങ് പ്ലേസ്മെന്‍റിനെ രൂക്ഷമായി വിമർശിച്ച് ഗംഭീർ രംഗത്തുവന്നിരുന്നു. നിലവാരമില്ലാത്ത ക്യാപ്റ്റനാണ് ബാബർ എന്നായിരുന്നു വിമർശനം. കഴിഞ്ഞദിവസമാണ് ലോകകപ്പിനുള്ള ടീമിനെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. പരിക്കേറ്റ പേസർ നസീം ഷാ ടീമിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.