കളിക്കളത്തിലെയും പുറത്തെയും ചൂടൻ പെരുമാറ്റത്തിലൂടെ പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചയാളാണ് മുൻ ഇന്ത്യൻ താരവും എം.പിയുമായ ഗൗതം ഗംഭീർ. തന്റെ അഭിപ്രായങ്ങൾ മറ്റുള്ളവർക്ക് രുചിക്കുന്നതല്ലെങ്കിലും തുറന്നുപറയാൻ അദ്ദേഹം മടിക്കാറില്ല. സൂപ്പർ താരം വിരാട് കോഹ്‍ലിയുമായും മലയാളി താരം ശ്രീശാന്തുമായുമെല്ലാം അടുത്തിടെ ഗംഭീർ വഴക്കിലേർപ്പെട്ടിരുന്നു.
ഗംഭീറുമായി മുമ്പ് കളത്തിലുണ്ടായ വഴക്കിനെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ബംഗാൾ കായിക മന്ത്രിയുമായ മനോജ് തിവാരി. രഞ്ജി ട്രോഫി മത്സരത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ‘പുറത്തുനിന്ന് കാണാമെന്ന്’ ഗംഭീർ പറഞ്ഞതായി തിവാരി സ്പോർട്സ് നൗവിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ബംഗാൾ-ഡൽഹി മത്സരത്തിനിടെയായിരുന്നു സംഭവം. ഗംഭീറുമായി നടത്തിയ വാക്പോരിൽ മാത്രമാണ് തനിക്ക് ഖേദമുള്ളതെന്ന് പറഞ്ഞ തിവാരി തന്റെ കരിയറിൽ ഇങ്ങനെ മറ്റൊരു സംഭവം ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
‘അന്ന് ഗംഭീറുമായി ഞാൻ നടത്തിയ വഴക്കിൽ മാത്രമാണ് എനിക്ക് ഖേദമുള്ളത്. കാരണം, ഞാൻ മുതിർന്ന താരങ്ങളുമായി വഴക്കിടുന്ന ആളല്ലെന്ന് എന്നെ അറിയുന്നവർ പറയും. എനിക്ക് ഒഴിവാക്കാമായിരുന്ന ഓർമകളിൽ ഒന്നാണിത്. എൻ്റെ സീനിയേഴ്സുമായി നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. എന്നാൽ, ഈ സംഭവം എൻ്റെ ഇമേജ് നശിപ്പിച്ചു’ -തിവാരി വെളിപ്പെടുത്തി.
ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഒരുമിച്ച് കളിച്ചവർ കൂടിയാണ് ഗംഭീറും തിവാരിയും. ആ കാലഘട്ടത്തിലെ ഓർമകളും തിവാരി പങ്കുവെച്ചു. ‘ഞങ്ങൾ ഒരു കാലഘട്ടത്തിൽ വളരെ അടുത്തവരായിരുന്നു. കൊൽക്കത്തക്ക് വേണ്ടി കളിക്കുമ്പോൾ ആരെ തെരഞ്ഞെടുക്കുമെന്നതിനെക്കുറിച്ച് ഞങ്ങൾ ധാരാളം ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, പിന്നീട് കാര്യങ്ങൾ വേണ്ട രീതിയിൽ നീങ്ങിയില്ല. ഒരിക്കൽ വഴക്ക് തീർക്കാൻ പുറത്തുനിന്ന് കാണാമെന്ന് ഗംഭീർ പറഞ്ഞെങ്കിലും അതുണ്ടായില്ല. ഗംഭീർ ആവേശഭരിതനായ ഒരു ക്രിക്കറ്ററാണ്, ഞാനും അങ്ങനെയാണ്. എന്നാൽ, ചില സമയങ്ങളിൽ, സംഭവിക്കാൻ പാടില്ലാത്ത വികാരം പുറത്തുവരുന്നു. അത് അപ്രതീക്ഷിതമായിരുന്നു. പിന്നീട് ഞങ്ങൾ കണ്ടുമുട്ടുകയോ അതിനെ കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല’ -തിവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.