സെഞ്ച്വറിത്തിളക്കത്തിൽ ഗിൽ; ഇന്ത്യക്ക് മികച്ച സ്കോർ

അഹ്മദാബാദ്: ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി 20യിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 234 റൺസാണ് ആതിഥേയർ അടി​ച്ചുകൂട്ടിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമായ ശുഭ്മാൻ ഗിൽ തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോൾ രാഹുൽ ത്രിപാഠി മികച്ച പിന്തുണ നൽകി. ഗിൽ 63 പന്തിൽ ഏഴ് സിക്സും 12 ഫോറും സഹിതം പുറത്താവാതെ 126 റൺസെടുത്തപ്പോൾ ത്രിപാഠി 22 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതം 44 റൺസെടുത്ത് ഇഷ് സോധിയുടെ പന്തിൽ ലോക്കി ഫെർഗൂസന് പിടികൊടുത്ത് മടങ്ങി.

മൂന്ന് പന്തിൽ ഒരു റൺസ് മാത്രമെടുത്ത് ബ്രേസ് വെല്ലിന്റെ പന്തിൽ എൽ.ബി.ഡബ്ലുവിൽ കുടുങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ വീണ്ടും പരാജയമായി. കൂറ്റനടിക്കാരൻ സൂര്യകുമാർ യാദവ് രണ്ട് സിക്സും ഒരു ഫോറുമായി പ്രതീക്ഷ നൽകിയെങ്കിലും 13 പന്തിൽ 24 റൺസുമായി മടങ്ങി. ടിക്നറുടെ പന്തിൽ ബ്രേസ് വെൽ പിടിച്ച് പുറത്താവുകയായിരുന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 17 പന്തിൽ ഒരു സിക്സും നാല് ഫോറുമടക്കം 30 റൺസെടുത്തെങ്കിലും അവസാന ഓവറിലെ രണ്ടാം പന്തിൽ മിച്ചലിന്റെ പന്തിൽ ബ്രേസ് വെല്ലിന് പിടികൊടുത്ത് മടങ്ങി. ദീപക് ഹൂഡ രണ്ട് റൺസുമായി പുറത്താകാതെ നിന്നു.

ഇരുടീമും ഓരോ മത്സരം ജയിച്ചതിനാൽ ഇന്നത്തെ മത്സരമാണ് പരമ്പര വിജയികളെ നിർണയിക്കുക. ഇന്ത്യൻ നിരയിൽ യുസ്​വേന്ദ്ര ചാഹലിന് പകരം അതിവേഗ ബൗളർ ഉമ്രാൻ മാലികിന് അവസരം നൽകി. ന്യൂസിലാൻഡ് നിരയിൽ ബെഞ്ചമിൻ ലിസ്റ്റർ അരങ്ങേറ്റം കുറിച്ചു.

Tags:    
News Summary - Gill in century glory; Huge score for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.