അഹമ്മദാബാദ്: നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നിർത്താതെ പെയ്തമഴ ഗുജറാത്ത് ടൈറ്റൻസിന്റെ അവസാന പ്രതീക്ഷയെയും തല്ലിക്കെടുത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ഗുജറാത്തിന്റെ നിർണായക പോരാട്ടമാണ് മഴമൂലം ഉപേക്ഷിച്ചത്.
രാത്രി 10.40വരെ ടോസിടാൻ പോലുമാകാതെ വന്നതോടെയാണ് ഇരു ടീമുകളും ഒരോ പോയിന്റ് പങ്കിട്ടെടുത്ത് മത്സരം ഉപേക്ഷിച്ചത്. ഒരു മത്സരം മാത്രം ബാക്കിയുള്ള ഗുജറാത്തിന് 11 പോയിന്റ് മാത്രമാണുള്ളത്. ഇതോടെ പ്ലേ ഓഫ് കാണാതെ ഗുജറാത്ത് പുറത്തായി.
അതേ സമയം, 19 പോയിന്റുമായിപട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ കൊൽക്കത്ത ലീഗിൽ ആദ്യ രണ്ടിൽ ഫിനിഷ് ചെയ്യും എന്ന് ഉറപ്പാക്കി. ഈ സീസണിൽ മഴമൂലം ഉപേക്ഷിക്കുന്ന ആദ്യമത്സരമായിരുന്നു ഇത്. ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ ജയിച്ച് പ്ലേ ഓഫിൽ ഗുജറാത്ത് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച നായകൻ ശുഭ്മാൻ ഗില്ലിന്റെ ആത്മവിശ്വാസമാണ് മഴ തല്ലിക്കെടുത്തിയത്. തങ്ങളുടെ ടീമിന്റെ അവസാന ഹോം മത്സരം കണാൻ നരേന്ദ്രമോദി സ്റ്റേഡിയത്തിലെത്തിയ 45000 ത്തോളം വരുന്ന ആരാധകരോട് നന്ദി പറഞ്ഞാണ് ശുഭ്മാൻ ഗില്ലും കൂട്ടരും സ്റ്റേഡിയം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.