ലണ്ടൻ: ഇന്ത്യയുടെ ഹർഭജൻ സിങ്ങിനും ജവഗൽ ശ്രീനാഥിനും മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍ (എം.സി.സി) ആജീവനാന്ത അംഗത്വം. ഇരുവർക്കുമൊപ്പം മറ്റ് 16 താരങ്ങൾക്ക് കൂടി എം.സി.സി ആജീവനാന്ത അംഗത്വം നൽകി. 12ൽ എട്ട് ടെസ്റ്റ് രാജ്യങ്ങളിൽ നിന്നുളള താരങ്ങൾ പട്ടികയിൽ ഉൾപെടുത്തിയതായി എം.സി.സി പ്രസ്താവനയിൽ പറഞ്ഞു.
അലസ്റ്റയര്‍ കുക്ക്, മാര്‍കസ് ട്രെസ്‌കോതിക്, ഇയാന്‍ ബെല്‍, സാറ ടെയ്‌ലര്‍ (ഇംഗ്ലണ്ട്), ഹാഷിം അംല, ഹെര്‍ഷല്‍ ഗിബ്സ്, മോർണി മോര്‍ക്കല്‍, ജാക് കാലിസ് (ദക്ഷിണാഫ്രിക്ക), ഡാമിയന്‍ മാര്‍ടിന്‍, അലക്‌സ് ബ്ലാക്ക്വെല് (ആസ്ട്രേലിയ), ഇയാന്‍ ബിഷപ്, ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍, രാംനരേഷ് സര്‍വന്‍ (വെസ്റ്റിൻഡീസ്), രംഗണ ഹെറാത് (ശ്രീലങ്ക), ഗ്രാൻഡ് ഫ്ലവര്‍ (സിംബാബ്വെ), സാര മക്ഗ്ലാഷന്‍ (ന്യൂസിലൻഡ്) എന്നിവർക്കാണ് എം.സി.സിയുടെ ഹോണററി ആജീവനാന്ത അംഗത്വം ലഭിച്ച മറ്റ് താരങ്ങള്‍.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ബൗളർമാരിൽ ഉൾപെടുന്ന രണ്ട് താരങ്ങളാണ് ഹർഭജനും ശ്രീനാഥും. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് ഹർഭജൻ. 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റുകളാണ് ഭാജി വീഴ്ത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മൊത്തം വിക്കറ്റ് സമ്പാദ്യം 700ന് മുകളിൽ വരും.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന താരങ്ങളില്‍ ഒരാളാണ് ശ്രീനാഥ്. ഏകദിനത്തിൽ 315ഉം ടെസ്റ്റിൽ 236ഉം വിക്കറ്റുകളാണ് ശ്രീനാഥ് വീഴ്ത്തിയത്.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ശ്രീനാഥ് ഐ.സി.സിയുടെ എലൈറ്റ് പാനൽ മാച്ച് റഫറിയായി സേവനമനുഷ്ഠിക്കുകയാണ്. ക്രിക്കറ്റിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചിട്ടില്ലെങ്കിലും ഏറെ നാളായി സീനിയർ ടീമിൽ നിന്ന് പുറത്താണ് ഹർഭജൻ. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ താരമാണെങ്കിലും ആദ്യ ഇലവനിൽ കളിച്ചിട്ട് കാലങ്ങൾ ഏറെയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.