രാജ്യം വേദിയാകുന്ന ഏകദിന ലോകകപ്പിന് അരങ്ങുണരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമിൽ സുപ്രധാന മാറ്റം നിർദേശിച്ച് മുൻ സ്പിന്നർ ഹർഭജൻ സിങ്. അക്സർ പട്ടേലിനു പകരക്കാരനായി വെറ്ററൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്തണമെന്നാണ് ഹർഭജന്‍റെ ആവശ്യം.
ഇടവേളക്കുശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയ അശ്വിൻ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ടീമിലെ അശ്വിന്‍റെ സാന്നിധ്യം വിലപ്പെട്ടതാകുമെന്നും താരത്തിന് ബൗളിങ്ങിൽ വ്യത്യസ്തത കൊണ്ടുവരാനാകുമെന്നും ഹർഭജൻ പറഞ്ഞു. ലോകകപ്പ് ടീമിൽനിന്ന് ഓഫ് സ്പിന്നർമാരെ ഒഴിവാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പലരെയും അത്ഭുതപ്പെടുത്തിയെന്നും താരം പ്രതികരിച്ചു.
ലെഫ്റ്റ് റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനൊപ്പം രണ്ട് ഇടങ്കൈയൻ സ്പിന്നർമാരായ രവീന്ദ്ര ജദേജ, അക്സർ പട്ടേൽ എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അക്സറിന് പരിക്ക് കാരണം ഏഷ്യാ കപ്പിലെ നിർണായക മത്സരങ്ങളിൽ പങ്കെടുക്കാനായില്ല. നിലവിൽ ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും താരം കളിക്കുന്നില്ല. 15 അംഗ ലോകകപ്പ് ടീമിൽ അക്‌സർ പട്ടേലിന് പകരക്കാരനാകാൻ ഏറ്റവും അനുയോജ്യൻ അശ്വിനാണെന്നും ഹർഭജൻ ഉറച്ചു വിശ്വസിക്കുന്നു.
‘രവിചന്ദ്രൻ അശ്വിൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, അദ്ദേഹം ലോകകപ്പ് ടീമിലുണ്ടാകുമെന്ന് എനിക്ക് തോന്നുന്നു. സെപ്റ്റംബർ 28 വരെ ടീമിൽ മാറ്റം വരുത്താനാകും. അക്സർ പട്ടേൽ പുറത്താകുമെന്ന് എനിക്ക് തോന്നുന്നു, കാരണം സ്ക്വാഡിലേക്ക് മറ്റൊരാളെ ഉൾപ്പെടുത്തും. അശ്വിന് അനുഭവപരിചയം ഉള്ളതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉൾപ്പെടുത്തും. ടീമിൽ മറ്റു മാറ്റങ്ങളുണ്ടാകില്ല, ടീം ഇന്ത്യ മികച്ച പ്രകടനം തുടരുമെന്ന് പ്രതീക്ഷിക്കുന്നു’ -ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.