ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകൻമാരാണ് മഹേന്ദ്ര സിങ് ധോണിയും രോഹിത് ശർമയും. ഇന്ത്യക്ക് മൂന്ന് ഐ.സി.സി കിരീടം നേടുവാനായി ധോണി സഹായിച്ചപ്പോൾ രോഹിത് ശർമ ഇന്ത്യയെ ഒരു ട്വന്‍റി-20 കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്. രോഹിത് ശർമയുടെ ക്രിക്കറ്റ് കരിയറിലെ വളർച്ചക്ക് ധോണി ഒരുപാട് പങ്കുവഹിച്ചിട്ടുണ്ട്. ഇരുവരെയും താരതമ്യപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നറായ ഹർഭജൻ സിങ്.
ധോണിക്ക് കീഴിൽ ഇന്ത്യൻ ടീമിലും ചെന്നൈ സൂപ്പർ കിങ്സിലും കളിച്ച ഹർഭജൻ രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിൽ മുംബൈ ഇന്ത്യൻസിനായും കളിച്ചിട്ടുണ്ട്. രോഹിത് കളിക്കാരുടെ നായകൻ ആണെന്നും എന്നാൽ ധോണി അങ്ങനെയല്ലെന്നുമാണ് ഭാജിയുടെ അഭിപ്രായം. ഒരു ചാനലിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
'ഞാൻ ധോണിക്ക് മുകളിൽ രോഹിത്തിനെ തെരഞ്ഞെടുക്കും. കാരണം രോഹിത് ആളുകളുടെ ക്യാപ്റ്റനാണ്. അവൻ കളിക്കാരോട് ചെന്ന് എന്താണ് ചെയ്യേണ്ടത് എന്ന് സംസാരിക്കും. അവന്‍റെ ടീം മേറ്റ്സ് അവനുമായി പെട്ടെന്ന് കണക്ടാകും. എന്നാൽ ധോണിയുടെ രീതികൾ വ്യത്യസ്തമായിരുന്നു. അവൻ ആരോടും സംസാരിക്കില്ല അവൻ്റെ ആശയം മൗനമായി അറിയിക്കാനാണ് അവന് ഇഷ്ടം അതായിരുന്നു ബാക്കി ഉള്ളവരോട് ആശയവിനിമയം നടത്താനുള്ള ധോണിയുടെ രീതി,' ഹർഭജൻ പറഞ്ഞു.
ഇന്ത്യക്കായി ധോണിയുണ്ടാക്കിയ പോലുള്ള നേട്ടങ്ങൾ രോഹിത് സ്വന്തമാക്കിയിട്ടില്ലെങ്കിലും ഐ.പി.എല്ലിൽ ഇരുവരും ഒരുപോലെ മികച്ചതാണ്. ഏറ്റവും സക്സസഫുൾ ടീമായ സി.എസ്.കെയുടെയും മുംബൈ ഇന്ത്യൻസിന്‍റെയും നായകൻമാരായി അഞ്ച് കിരീടങ്ങളിലേക്ക് നയിക്കാൻ രണ്ട് നായകൻമാർക്കും സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.