‘അവൻ വിസയും ടിക്കറ്റും ഉറപ്പിച്ചു’; ലോകകപ്പിൽ യുവതാരത്തിന്റെ സ്ഥാനത്തെ കുറിച്ച് വിരേന്ദർ സെവാഗ്

മുംബൈ: ഐ.പി.എല്ലിന്റെ തുടക്കത്തിൽ റൺ കണ്ടെത്താൻ പ്രയാസപ്പെടുകയും പിന്നീട് ഉജ്വല ​പ്രകടനത്തോടെ ഫോം വീണ്ടെടുക്കുകയും ചെയ്ത രാജസ്ഥാൻ റോയൽസിന്റെ യുവ ഓപണർ യശസ്വി ജയ്സ്വാളിന് ലോകകപ്പ് ടീമിൽ ഇടമുറപ്പിച്ച് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. അവൻ ലോകകപ്പിനായി യു.എസ്.എയിലേക്ക് പോകുന്ന വിമാനത്തിലുണ്ടാവുമെന്ന് സെവാഗ് ക്രിക് ബസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഐ.പി.എല്ലിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ നിരവധി താരങ്ങൾ 15 അംഗ ടീമിൽ ഉൾപ്പെടാൻ മത്സരിക്കുന്നതിനിടെയാണ് സെവാഗിന്റെ പ്രതികരണം.

ഇംഗ്ലണ്ടിനെതിരായ ​അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 700ലധികം റൺസടിച്ച ജയ്സ്വാൾ ഐ.പി.എൽ സീസണിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടിരുന്നു. ആദ്യ ഏഴ് ഇന്നിങ്സിൽ ഒരു അർധസെഞ്ച്വറി പോലും നേടാനാവാതിരുന്ന താരത്തിന്റെ ഉയർന്ന സ്കോർ 39 ആയിരുന്നു. എന്നാൽ, മുംബൈ ഇന്ത്യൻസിനെതിരായ കഴിഞ്ഞ മത്സരത്തിൽ അതിവേഗ സെഞ്ച്വറിയുമായി ജയ്സ്വാൾ ഒമ്പത് വിക്കറ്റ് ജയത്തിലേക്ക് ടീമിനെ നയിച്ചു.



തന്റെ പിൻഗാമിയായി വിലയിരുത്തപ്പെടുന്ന താരം കൂടിയായ ജയ്സ്വാളിനോട് താരതമ്യങ്ങളിൽ ശ്രദ്ധിക്കാതെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സെവാഗ് ഉപദേശിക്കുന്നു. ‘എന്റെ ആദ്യകാലങ്ങളിൽ എന്നെ സചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്തിരുന്നു. എന്നാൽ, എത്രയും വേഗം ആ താരതമ്യങ്ങളെ മനസ്സിൽനിന്ന് ഒഴിവാക്കുന്നുവോ അത്രയും നല്ലത്. ഞാനുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ജയ്‌സ്വാൾ അധികം ചിന്തിക്കുമെന്ന് ഞാൻ കരുതുന്നില്ല. താരതമ്യം നിങ്ങളെ വേദനിപ്പിച്ചേക്കാം. എനിക്ക് സചിനെ പോലെ പ്രകടനം നടത്താൻ കഴിയില്ല. സെവാഗ് സെവാഗാകട്ടെ. നിങ്ങളുടെ കളിയെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാം, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക’ -സെവാഗ് പറഞ്ഞു.

‘താരതമ്യങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്നെ താരതമ്യപ്പെടുത്തുമ്പോൾ, ഞാൻ കളിക്കുന്ന രീതിയിലും മറ്റു ചില മാറ്റങ്ങൾ വരുത്തി. അതിനാൽ ഞാൻ സചിനെപ്പോലെയാണ് ബാറ്റ് ചെയ്യുന്നതെന്ന് പറയുന്നത് നിർത്തുന്നു. താരതമ്യം വലിയ സമ്മർദമുണ്ടാക്കും. അവനിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. അവൻ ഉടൻ ഫോമിലേക്ക് തിരിച്ചെത്തും. ലോകകപ്പിനുള്ള അവന്റെ ടിക്കറ്റും വിസയും ഉറപ്പിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു’ -സെവാഗ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - ‘He secured the visa and the ticket’; Virender Sehwag on the position of the young player in the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.