തുടരെ പത്ത് മത്സരങ്ങൾ വിജയിച്ച് ലോകകപ്പ് ഫൈനലിലെത്തിയിട്ടും കപ്പ് കൈവിട്ടുപോയതിന്റെ ദുഃഖത്തിലാണ് ടീം ഇന്ത്യയും ആരാധകരും. ഓസീസിനോട് ആറ് വിക്കറ്റിന്റെ തോൽവിയായിരുന്നു മെൻ ഇൻ ബ്ലൂ വഴങ്ങിയത്. അതേസമയം, ഇന്ത്യൻ നായകൻ രോഹിത് ശർമക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ.
ഫൈനലിന് മുന്നോടിയായി, രാഹുൽ ദ്രാവിഡിന് വേണ്ടി ഫൈനൽ ജയിക്കണമെന്ന് രോഹിത് ശർമ അഭിപ്രായപ്പെട്ടിരുന്നു. 2011 ലോകകപ്പിലെ ഉദാഹരണം ചൂണ്ടിക്കാട്ടിയ ഗംഭീർ, രോഹിത് അത്തരം പരാമർശങ്ങൾ നടത്തരുതായിരുന്നുവെന്ന് പ്രസ്താവിച്ചു, 2011-ൽ സചിൻ ടെണ്ടുൽക്കറിന് വേണ്ടി ലോകകപ്പ് നേടാനുള്ള ആഗ്രഹം നിരവധി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
“ഓരോ കളിക്കാരനും പരിശീലകനും ലോകകപ്പ് നേടണമെന്ന് സ്വപ്നം കാണുന്നു. ഒരു കളിക്കാരൻ കളിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് അതിനുള്ള അവസരം നൽകണം. തുടർച്ചയാണ് പ്രധാനം. എനിക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത ഒരു കാര്യമുണ്ട്. 2011ൽ ഞാൻ കളിക്കുന്ന കാലത്തും അത് സംഭവിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് വേണ്ടി ലോകകപ്പ് നേടണം എന്ന് പറയുന്നത് ഒരിക്കലും ശരിയായ കാര്യമല്ല, ആ വ്യക്തി ആരായാലും.”
"നിങ്ങൾ രാജ്യത്തിന് വേണ്ടി ലോകകപ്പ് നേടിക്കൊടുക്കാൻ ശ്രമിക്കുകയാണ്. അത്തരമൊരു വികാരം പ്രകടിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് മാധ്യമങ്ങളുമായി പങ്കിടുന്നതിന് പകരം അത് നിങ്ങളുടെ ഉള്ളിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
“രാജ്യത്തിന് വേണ്ടി ഒരു ലോകകപ്പ് നേടുക എന്നത് മറ്റെന്തിനെക്കാളും പ്രധാനമാണ്. 2011ൽ എന്നോട് ഇതേ ചോദ്യം ചോദിച്ചപ്പോൾ, പലരും വിശ്വസിച്ചത് ഒരു വ്യക്തിക്ക് വേണ്ടി ലോകകപ്പ് നേടാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നാണ്. എന്നാൽ, എന്റെ രാജ്യത്തിനായി കപ്പ് നേടുക എന്നതാണ് എന്റെ ലക്ഷ്യമെന്ന് ഞാൻ അന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. - ഗംഭീർ കൂട്ടിച്ചേർത്തു.
അതേസമയം, ക്രിക്കറ്റ് ലോകകപ്പിൽ തകർപ്പൻ പ്രകടനവുമായി കിരീടത്തിനരികെയെത്തിച്ച ദേശീയ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് തുടർന്നേക്കും. ദ്രാവിഡിന്റെ കരാർ ദീർഘിപ്പിക്കുന്നതായി ബി.സി.സി.ഐ ആണ് അറിയിച്ചത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരെയും നിലനിർത്തിയിട്ടുണ്ട്. എന്നാൽ, എത്ര വർഷത്തേക്കാണ് തുടരുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെ കരാർ അവസാനിച്ചിരുന്നു. കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് ദ്രാവിഡ് ബി.സി.സി.ഐയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരക്ക് വി.വി.എസ്. ലക്ഷ്മണെ ബി.സി.സി.ഐ പരിശീലകനായി നിശ്ചയിക്കുകയും ചെയ്തു. എന്നാൽ, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരമുതൽ ദ്രാവിഡ് വീണ്ടും പരിശീലക കുപ്പായത്തിൽ തിരിച്ചെത്തുമെന്നാണ് ബി.സി.സി.ഐ അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.