ന്യൂഡൽഹി: ഐ.പി.എൽ ചരിത്രത്തിലെ റൺ റെക്കോഡ് ഈ സീസണിൽ രണ്ടുതവണ തിരുത്തിയ സൺറൈസേഴ്സ് ഹൈദരാബാദ് റണ്ണൊഴുക്ക് തുടർന്നതോടെ ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ വിജയലക്ഷ്യം. തകർപ്പൻ അർധസെഞ്ച്വറികളുമായി കളംവാണ ട്രാവിസ് ഹെഡും ഷഹ്ബാസ് അഹ്മദും കൂറ്റനടികളിലൂടെ ഉശിരൻ തുടക്കമിട്ട അഭിഷേക് ശർമയും ചേർന്ന് ഡൽഹി ബൗളർമാരെ ആഞ്ഞുപ്രഹരിച്ചതോടെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 266 റൺസാണ് ഹൈദരാബാദ് സ്കോർ ബോർഡിൽ പിറന്നത്.
ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിയടിച്ച ട്രാവിസ് ഹെഡും സഹ ഓപണർ അഭിഷേക് ശർമയും ചേർന്ന് സ്വപ്നതുടക്കമാണ് സന്ദർശകർക്ക് നൽകിയത്. 16 പന്തിൽ അർധസെഞ്ച്വറി കടന്ന ഹെഡും അഭിഷേകും ചേർന്ന് വെറും 6.2 ഓവറിൽ അടിച്ചുകൂട്ടിയത് 131 റൺസാണ്. 12 പന്തിൽ ആറ് സിക്സും രണ്ട് ഫോറുമടക്കം 46 റൺസെടുത്ത അഭിഷേകിനെ കുൽദീപ് യാദവിന്റെ പന്തിൽ അക്സർ പട്ടേൽ പിടികൂടിയതോടെയാണ് സ്ഫോടനാത്മക ബാറ്റിങ് പുറത്തെടുത്ത കൂട്ടുകെട്ട് പൊളിഞ്ഞത്.
സ്കോർ ബോർഡിൽ രണ്ട് റൺസ് കൂടി ചേർത്തപ്പോഴേക്കും എയ്ഡൻ മർക്രാം മടങ്ങി. മൂന്ന് പന്തിൽ ഒരു റൺസെടുത്ത താരത്തെയും കുൽദീപിന്റെ പന്തിൽ പട്ടേൽ കൈയിലൊതുക്കുകയായിന്നു. ഡൽഹി ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് 32 പന്തിൽ ആറ് സിക്സും 11 ഫോറുമടക്കം 89 റൺസിലെത്തിയ ട്രാവിസ് ഹെഡിനെയും കുൽദീപ് തന്നെ വീഴ്ത്തി. ഇത്തവണ ക്യാച്ചെടുത്തത് ട്രിസ്റ്റൺ സ്റ്റബ്സായിരുന്നു. അപ്പോഴേക്കും സ്കോർ 8.6 ഓവറിൽ 154 റൺസിലെത്തിയിരുന്നു. സീസണിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറിയാണ് ഹെഡ് കുറിച്ചത്.
ഹെന്റിച്ച് ക്ലാസൻ (എട്ട് പന്തിൽ 15) പെട്ടെന്ന് മടങ്ങിയെങ്കിലും നിതീഷ് കുമാർ റെഡ്ഡിയും (27 പന്തിൽ 37) ഷഹ്ബാസ് അഹ്മദും ചേർന്ന് വീണ്ടും മികച്ച കൂട്ടുകെട്ടുയർത്തിയതോടെ ഡൽഹി ബൗളർമാർ കുഴങ്ങി. നിതീഷ് പുറത്തായതിന് പിന്നാലെ അബ്ദുൽ സമദും (13) പാറ്റ് കമ്മിൻസും (1) പുറത്തായെങ്കിലും ഒരുവശത്ത് അർധസെഞ്ച്വറിയുമായി ഷഹ്ബാസ് പിടിച്ചുനിന്നതോടെ സ്കോർ 260 കടക്കുകയായിരുന്നു. സീസണിൽ മൂന്നാം തവണയാണ് ഹൈദരാബാദ് 260 കടക്കുന്നത്. ഷഹ്ബാസ് അഹ്മദിനൊപ്പം (29 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറുമടക്കം 59) റൺസെടുക്കാതെ വാഷിങ്ടൺ സുന്ദർ പുറത്താകാതെനിന്നു.
നാലോവറിൽ 55 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ഡൽഹി ബൗളർമാരിൽ തിളങ്ങിയത്. മുകേഷ് കുമാർ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.