വാതുവെപ്പുകാർക്ക് ടീം​ രഹസ്യം കൈമാറി: മുൻ സിംബാബ്​വെ ക്യാപ്​റ്റൻ ഹീത്​ സ്​ട്രീക്കിന്​ എട്ടു​വർഷം വിലക്ക്​

ദുബൈ: സിംബാബ്​വെ ക്രിക്കറ്റിലെ അതികായൻ ഹീത്​ സ്​ട്രീക്കിനെ എട്ടുവർഷത്തേക്ക്​ വിലക്കി രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ. ഐ.പി.എല്ലിൽ കൊൽക്കത്തയുടെയും രാജ്യാന്തര തലത്തിൽ സിംബാബ്​വെ ദേശീയ ടീമിന്‍റെയും ബൗളിങ്​ പരിശീലകനായിരുന്ന സ്​ട്രീക്ക്​ രണ്ടു ടീമുകളുടെയും രഹസ്യങ്ങൾ വാതുവെപ്പുകാർക്ക്​ കൈമാറിയെന്നും അതിന്​ പ്രതിഫലമായി ബിറ്റ്​കോയിൻ കൈപ്പറ്റിയെന്നുമാണ്​ കേസ്​. രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ ഉന്നയിച്ച ആരോപണങ്ങളിൽ അഞ്ചും ​ശരിയാണെന്ന്​ ഹീത്​ സ്​ട്രീക്ക്​ സമ്മതിച്ചതായി വാർത്ത കുറിപ്പ്​ പറയുന്നു.

ഇന്ത്യക്കാരനായ മിസ്റ്റർ എക്​സ്​ എന്ന വാതുവെപ്പുകാരനുമായി ദീർഘകാലം വാട്​സാപ്​ വഴിയും മെയ്​ൽ വഴിയും ബന്ധം നിലനിർത്തുകയും താൻ പരിശീലിപ്പിച്ച ടീമുകളുടെ രഹസ്യങ്ങൾ കൈമാറുകയും ചെയ്​തതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 2018ലെ സിംബാബ്​വെ- ബംഗ്ലദേശ്​- ശ്രീലങ്ക ത്രിരാഷ്​ട്ര പരമ്പരയിൽ ടീമിന്‍റെ രഹസ്യങ്ങളും കൈമാറിയതിൽ പെടും. രഹസ്യങ്ങൾ പങ്കുവെച്ചെങ്കിലും അവ മത്സര ഫലങ്ങളെ ബാധിച്ചിട്ടില്ലെന്നാണ്​ കണ്ടെത്തൽ.

സിംബാബ്​വെ ലോകക്രിക്കറ്റിന്​ സമ്മാനിച്ച ഏറ്റവും മികച്ച താരങ്ങളിലൊരാളായ സ്​ട്രീക്​ പരിശീലക വേഷത്തിലുണ്ടായിരുന്ന 2017, 18 വർഷങ്ങളിലെ മത്സരങ്ങളാണ്​ ഐ.സി.സി പരിശോധിച്ചത്​. നാലു താരങ്ങളുടെ പ്രകടനത്തെ സ്വാധീനിക്കാൻ താരം ശ്രമിച്ചതായും ഐ.സി.സി വാർത്ത കുറിപ്പിൽ പറയുന്നു. ഐ.പി.എല്ലിനും ത്രിരാഷ്​ട്ര പരമ്പരക്കും പുറമെ അഫ്​ഗാനിസ്​താൻ പ്രിമിയർ ലീഗ്​, ബി.പി.എൽ എന്നിവയിലും ഇടപെടാൻ ശ്രമിച്ചിരുന്നു.

ടെസ്റ്റ്​, ഏകദിന ഫോർമാറ്റുകളിൽ സിംബാബ്​വെക്കായി ഏറ്റവും കൂടുതൽ വിക്കറ്റ്​ നേടിയ താരമാണ്​ സ്​ട്രീക്ക്​. 2018 വരെ പരിശീലകനായിരുന്നു. 2019ൽ ദേശീയ ടീമിനെ ലോകകപ്പിനെത്തിക്കാനാവാതെ വന്നതിനെ തുടർന്ന്​ രാജിവെച്ചു. 2018ൽ കൊൽക്കത്തയുടെ ബൗളിങ്​ കോച്ചായും സേവനം ചെയ്​തു.

Tags:    
News Summary - Heath Streak banned for eight years for graft; contacted bookie during IPL 2018

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.