അഹ്മദാബാദ്: ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി 20യിൽ വമ്പൻ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. 168 റൺസിനായിരുന്നു ആതിഥേയരുടെ വിജയം. ബാറ്റിങ്ങിൽ 17 പന്തിൽ 30 റൺസടിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നാല് വിക്കറ്റെടുത്ത് ബൗളിങ്ങിലും തിളങ്ങി വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. നാലോവറിൽ 16 റൺസ് മാത്രം വഴങ്ങിയായിരുന്നു നാല് വിക്കറ്റ് നേട്ടം. അർഷ്ദീപ് സിങ്, ശിവം മാവി, ഉമ്രാൻ മാലിക് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോൾ ന്യൂസിലാൻഡ് വെറും 66 റൺസിന് കൂടാരം കയറി.
ഫിൻ അലൻ (മൂന്ന്), ഡെവൺ കോൺവെ (ഒന്ന്), മാർക് ചാപ്മാൻ (പൂജ്യം), െഗ്ലൻ ഫിലിപ്സ് (രണ്ട്), മൈക്കൽ ബ്രേസ് വെൽ (എട്ട്) മിച്ചൽ സാന്റ്നർ (13), ഇഷ് സോധി (പൂജ്യം) ലോക്കി ഫെർഗൂസൻ (പൂജ്യം) െബ്ലയർ ടിക്നർ (ഒന്ന്), ഡാറിൽ മിച്ചൽ (35) എന്നിവരാണ് പുറത്തായത്. ബെഞ്ചമിൻ ലിസ്റ്റർ റൺസെടുക്കാതെ പുറത്താകാതെ നിന്നു. കൂട്ടത്തകർച്ചക്കിടയിലും പിടിച്ചു നിന്നത് ഡാറിൽ മിച്ചൽ മാത്രമാണ്.
വൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന് തുടക്കത്തിലേ തിരിച്ചടിയേൽക്കുകയായിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ നാല് പന്തിൽ മൂന്ന് റൺസെടുത്ത ഫിൻ അലനെ പാണ്ഡ്യയുടെ പന്തിൽ കുൽദീപ് യാദവ് പിടിച്ചു പുറത്താക്കി. സ്കോർ ബോർഡിൽ അപ്പോൾ നാല് റൺസേ ഉണ്ടായിരുന്നുള്ളൂ. സ്കോർ ബോർഡിൽ മാറ്റം വരും മുമ്പ് ഡെവൺ കോൺവെയും മടങ്ങി. ഇത്തവണ അർഷ്ദീപിന്റെ പന്തിൽ പാണ്ഡ്യക്കായിരുന്നു ക്യാച്ച്. ഒരു റൺസ് കൂടി ചേർത്തപ്പോഴേക്കും സന്ദർശകരുടെ അടുത്ത വിക്കറ്റും വീണു. അർഷ്ദീപിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനായിരുന്നു ക്യാച്ച്. വൈകാതെ െഗ്ലൻ ഫിലിപ്സും പവലിയനിലേക്ക് മടങ്ങി. പാണ്ഡ്യയുടെ പന്തിൽ കുൽദീപ് യാദവ് പിടിച്ചായിരുന്നു മടക്കം. അപ്പോൾ ന്യൂസിലാൻഡിന്റെ സമ്പാദ്യം ഏഴ് റൺസ് മാത്രമായിരുന്നു. അടുത്തത് അതിവേഗക്കാരൻ ഉമ്രാൻ മാലികിന്റെ ഊഴമായിരുന്നു. പിടിച്ചുനിൽക്കാൻ ശ്രമിച്ച ബ്രേസ് വെല്ലിന്റെ കുറ്റി ഉമ്രാൻ തെറിപ്പിച്ചു. ഇതോടെ അഞ്ചിന് 21 എന്ന പരിതാപകരമായ നിലയിലായി ന്യൂസിലാൻഡ്. ഡാറിൽ മിച്ചൽ നടത്തിയ പോരാട്ടമാണ് ന്യൂസിലാൻഡിനെ വൻ നാണക്കേടിൽനിന്ന് രക്ഷിച്ചത്. പത്താമനായാണ് താരം പുറത്തായത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 234 റൺസാണ് അടിച്ചുകൂട്ടിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമായ ശുഭ്മാൻ ഗിൽ തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോൾ രാഹുൽ ത്രിപാഠി മികച്ച പിന്തുണ നൽകി. ഗിൽ 63 പന്തിൽ ഏഴ് സിക്സും 12 ഫോറും സഹിതം പുറത്താവാതെ 126 റൺസെടുത്തപ്പോൾ ത്രിപാഠി 22 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതം 44 റൺസെടുത്ത് ഇഷ് സോധിയുടെ പന്തിൽ ലോക്കി ഫെർഗൂസന് പിടികൊടുത്ത് മടങ്ങി.
മൂന്ന് പന്തിൽ ഒരു റൺസ് മാത്രമെടുത്ത് ബ്രേസ് വെല്ലിന്റെ പന്തിൽ എൽ.ബി.ഡബ്ലുവിൽ കുടുങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ വീണ്ടും പരാജയമായി. കൂറ്റനടിക്കാരൻ സൂര്യകുമാർ യാദവ് രണ്ട് സിക്സും ഒരു ഫോറുമായി പ്രതീക്ഷ നൽകിയെങ്കിലും 13 പന്തിൽ 24 റൺസുമായി മടങ്ങി. ടിക്നറുടെ പന്തിൽ ബ്രേസ് വെൽ പിടിച്ച് പുറത്താവുകയായിരുന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 17 പന്തിൽ ഒരു സിക്സും നാല് ഫോറുമടക്കം 30 റൺസെടുത്തെങ്കിലും അവസാന ഓവറിലെ രണ്ടാം പന്തിൽ മിച്ചലിന്റെ പന്തിൽ ബ്രേസ് വെല്ലിന് പിടികൊടുത്ത് മടങ്ങി. ദീപക് ഹൂഡ രണ്ട് റൺസുമായി പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.