‘ഇന്ത്യൻ ലോകകപ്പ് ടീമിൽ കോഹ്‍ലിയെ ഉൾപ്പെടുത്തില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്’; പ്രതികരണവുമായി മാക്സ്‌വെൽ

മുംബൈ: ഈ വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലിക്ക് ഇടം ലഭിക്കുമോ എന്ന ചർച്ച ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഏറെ കാലം ട്വന്റി 20 മത്സരങ്ങളിൽനിന്ന് വിട്ടുനിന്ന താരത്തെ ടീമിലെടുക്കരുതെന്ന വാദവുമായി ഒരു വിഭാഗം രംഗത്തുവന്നിരുന്നു. എന്നാൽ, ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ക്രിക്കറ്റിന്റെ ചെറിയ ഫോർമാറ്റിലേക്ക് തിരിച്ചെത്തിയ താരം വിമർശകരുടെ മുഴുവൻ വായടപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

നിലവിൽ ഐ.പി.എൽ സീസണിലെ ടോപ് സ്കോററാണ് കോഹ്‍ലി. അഞ്ച് മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറികളും അടക്കം 316 റൺസാണ് ഇതുവരെ അടിച്ചുകൂട്ടിയത്. 105.33 ശരാശരിയും 146.29 സ്ട്രൈക്ക് റേറ്റുമുണ്ട്. കോഹ്‍ലിയുടെ ലോകകപ്പ് ടീമിലെ ഇടം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെ ബംഗളൂരു റോയൽ ചലഞ്ചേഴ്സിലെ സഹതാരമായ ​െഗ്ലൻ മാക്സ്വെല്ലിന്റെ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. ‘ഇന്ത്യൻ ടീം കോഹ്‍ലിയെ ഉൾപ്പെടുത്തില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്’ എന്നായിരുന്നു മാക്സ്വെൽ തമാശ രൂപത്തിൽ പറഞ്ഞത്. ഇ.എസ്.പി.എന്നിന്റെ പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ഇതുവരെ കളിച്ചതിൽ വെച്ച് ഏറ്റവും കൂടുതൽ നിയന്ത്രണമുള്ള കളിക്കാരനാണ് വിരാട് കോഹ്‍ലി. 2016 ട്വന്റി 20 ലോകകപ്പിൽ മൊഹാലിയിൽ അദ്ദേഹം കളിച്ച ഇന്നിങ്സാണ് ഞങ്ങൾക്കെതിരെ കളിച്ചതിൽ ഏറ്റവും മികച്ചതായി ഇപ്പോഴും വിലയിരുത്തുന്നത്. കളി ജയിക്കാൻ താൻ എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അവബോധം അസാധാരണമാണ്. ഇന്ത്യ അദ്ദേഹത്തെ തെരഞ്ഞെടുക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അദ്ദേഹത്തിനെതിരെ വരാതിരിക്കുന്നതാണ് നല്ലത്’ -മാക്സ്‌വെൽ പറഞ്ഞു.

ഈ രാജ്യത്തെ 1.5 ബില്യൺ ജനങ്ങളിൽ പകുതിയും അസാധാരണ ക്രിക്കറ്റ് കളിക്കാരാണെന്ന് ഞാൻ കരുതുന്നുവെന്നും മാക്സി ചിരിച്ചുകൊണ്ട് പറഞ്ഞു. ഈ ടൂർണമെൻ്റിൽ കളിക്കുന്ന ഇന്ത്യയുടെ മുൻനിര ട്വന്റി 20 കളിക്കാരെ എടുത്തുനോക്കിയാൽ അവർ അസാധാരണ താരങ്ങളാണെന്നും മാക്സ്വെൽ ചൂണ്ടിക്കാട്ടി.

ഐ.പി.എല്ലിൽ ഇതുവരെയുള്ള റൺവേട്ടക്കാരിൽ ഒന്നാമതാണ് വിരാട് കോഹ്‍ലി. 242 മത്സരങ്ങളിൽ 7,579 റൺസാണ് താരം നേടിയത്. എട്ട് സെഞ്ച്വറികളും 52 അർധസെഞ്ച്വറികളും സ്വന്തമാക്കിയ കോഹ്‍ലിയുടെ ശരാശരി 38.23 ആണ്. 

Tags:    
News Summary - 'I hope Kohli is not included in India's World Cup squad'; Maxwell with response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.