ഒന്നര പതിറ്റാണ്ടിലേറേ നീണ്ടുനിന്ന കരിയറിൽ ഇന്ത്യൻ ക്രിക്കറ്റിനെ ഉന്നതിയിലേക്ക് നയിച്ച ഇതിഹാസ നായകനാണ് മഹേന്ദ്ര സിങ് ധോണിയെന്ന് എം.എസ്. ധോണി. ഫിനിഷർ എന്ന പേരിലൂടെ ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച താരം. ചെറുപ്രായത്തിൽ തന്നെ ഇന്ത്യൻ നായകന്‍റെ കുപ്പാഴമണിഞ്ഞ ധോണി രസകരമായ സ്കൂൾ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ്.
പഠനകാലത്ത് ഒരു ശരാശരി വിദ്യാർഥി മാത്രമായിരുന്നു താനെന്നും പത്താം ക്ലാസ് ബോർഡ് പരീക്ഷ വിജയിക്കില്ലെന്നാണ് അന്ന് പിതാവ് വിചാരിച്ചിരുന്നതെന്നും ധോണി പറയുന്നു. പഠനത്തിൽ മിടുക്കനല്ലെങ്കിലും ക്രിക്കറ്റ് ലോകത്ത് ഇന്ത്യയെ മികച്ച വിജയങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ താരത്തിനായി. അദ്ദേഹത്തിന്‍റെ നായകത്വത്തിലാണ് 2007ലെ ട്വന്‍റി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻഷിപ്പ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ നായകനായും തിളങ്ങി. നാലു ഐ.പി.എൽ കിരീടങ്ങൾ നേടി. സ്കൂളിലെ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയാണ് പഠനകാലത്തെ രസകരമായ അനുഭവങ്ങൾ താരം അവരുമായി പങ്കുവെച്ചത്. 'ഞാൻ വളരെ സന്തോഷവാനായിരുന്നു. ഞാൻ പത്താം ക്ലാസ് പരീക്ഷയിൽ വിജയിക്കില്ലെന്നാണ് പിതാവ് കരുതിയത്. വീണ്ടും പരീക്ഷ എഴുതേണ്ടിവരും. പക്ഷേ ഞാൻ പാസ്സായതിൽ പിതാവ് വളരെയധികം സന്തോഷിച്ചു' -ധോണി പറഞ്ഞു.
ഏറ്റവും ഇഷ്ടപ്പെട്ട വിഷയം ഏതെന്ന ചോദ്യത്തിന് ക്രിക്കറ്റ് എന്നായിരുന്നു താരത്തിന്‍റെ മറുപടി. സ്പോർട്സ് ഒരു വിഷയമായി പരിഗണിക്കുമെങ്കിൽ അതാകുമായിരുന്നു എന്‍റെ ഇഷ്ട വിഷയം. ക്രിക്കറ്റ് കളി തുടങ്ങിയതോടെ ക്ലാസിലെ ഹാജർ കുറഞ്ഞതായും താരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.